

ബെവ്കോ പ്ലാസ്റ്റിക് കുപ്പി ശേഖരണ പദ്ധതി നിർത്തലാക്കിയത് അറിഞ്ഞില്ല; എക്സൈസ് മന്ത്രിക്ക് കടുത്ത അതൃപ്തി
തിരുവനന്തപുരം: ബെവ്കോ മദ്യശാലകളിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന പദ്ധതി നിർത്തലാക്കിയ നടപടിയിൽ എക്സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി രേഖപ്പെടുത്തി. തന്നോട് ആലോചിക്കാതെ തീരുമാനമെടുത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി ബെവ്കോ എംഡിയോട് നേരിട്ട് ഹാജരാകാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് കുപ്പികൾക്ക് 20 രൂപ അധികമായി ഈടാക്കി, കുപ്പി തിരികെ നൽകുമ്പോൾ പണം തിരികെ നൽകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ഈ മാസം 20-ഓടെ ഈ പദ്ധതി പിൻവലിക്കുകയാണെന്നാണ് ബെവ്കോ അറിയിച്ചത്. പദ്ധതി വിചാരിച്ചത്ര വിജയകരമാവാത്ത സാഹചര്യത്തിലാണ് മാനേജ്‌മെന്‍റ് ഇത് നിർത്തലാക്കാൻ തീരുമാനിച്ചത്.
ഇനി മന്ത്രിയുടെ തീരുമാനം എന്താവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചെറിയ പരിഷ്ക്കരണങ്ങൾ വരുത്തി പദ്ധതി തുടരാനാവും മന്ത്രി നിർദേശിക്കുക എന്നാണ് നിഗമനം. വകുപ്പ് മന്ത്രി അറിയാതെ സുപ്രധാനമായ ഉത്തരവുകൾ ഇറങ്ങുന്നതിലെ അതൃപ്തി സർക്കാർ ഗൗരവമായിട്ടാണ് കാണുന്നത്.