

ഓടുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവം; കുറ്റം സമ്മതിക്കാതെ പ്രതി, ഇതൊക്കെ വെറും നമ്പറല്ലേ എന്ന് പ്രതികരണം
തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ ചവിട്ടി തള്ളിയിച്ച സംഭവത്തിൽ കുറ്റം സമ്മതിക്കാതെ പ്രതി. താൻ പെൺകുട്ടിയെ ആക്രമിച്ചിട്ടില്ലെന്നും അതേതെങ്കിലും ബംഗാളിയാവുമെന്നുമാണ് പ്രതികരണം. ഇതൊക്കെ പെൺകുട്ടിയുടെ ചുമ്മാ നമ്പരാണെന്ന് പറഞ്ഞ പ്രതിയോട് മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നൽകിയതായി പൊലീസ് പറയുന്നു. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ വര്‍ക്കല അയന്തിക്കു സമീപത്തുവെച്ച് ഞായറാഴ്ച രാത്രി 8.45-ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സുരേഷ് ഓടുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ പുറത്തേക്ക് ചവിട്ടിയിടുകയായിരുന്നു. ട്രാക്കിൽ തലയിടിച്ച പേയാട് സ്വദേശിനി ശ്രീക്കുട്ടി (19) തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിലവിൽ ശ്രീക്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
അപകടത്തിന് പിന്നാലെ കാഴ്ചക്കാർ അപായ ചങ്ങല വലിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് എത്തി പരുക്കേറ്റ ശ്രീക്കുട്ടിയെ കൊല്ലത്തെത്തിച്ച് മെമുവിൽ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. ഇവിടെനിന്ന് ആംബുലന്‍സില്‍ ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ആക്രമിയെ യാത്രക്കാർ തടഞ്ഞു വയ്ക്കുകയും കൊച്ചുവേളിയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.