മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് വനം വകുപ്പ് ചികിത്സ നൽകും

കാട്ടാന ശ്വാസം എടുക്കുമ്പോൾ മുറിവിൽ നിന്ന് പഴുപ്പ് പുറത്തേക്ക് തള്ളുകയാണ്. മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകാനാണ് തീരുമാനം.
Kerala forest department to treat injured wild elephant
മസ്തകത്തിൽ മുറിവേറ്റ നിലയിൽ ഏഴാറ്റുമുഖത്ത് കണ്ടെത്തിയ കാട്ടാന
Updated on

സ്വന്തം ലേഖകൻ

അങ്കമാലി: അതിരപ്പിള്ളി ഏഴാറ്റുമുഖത്ത് മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഇരുപതംഗ സംഘമെത്തുo. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ബുധനാഴ്ച അതിരപ്പിള്ളിയിലെത്തുക. വിക്രം, സുരേന്ദ്രൻ എന്നീ കുങ്കിയാനകളും ദൗത്യത്തിന്‍റെ ഭാഗമാകും.

കാട്ടാനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ വനംവകുപ്പ് നിർദേശം നൽകിയിരുന്നു. കാട്ടാന ശ്വാസം എടുക്കുമ്പോൾ മുറിവിൽ നിന്ന് പഴുപ്പ് പുറത്തേക്ക് തള്ളുകയാണ്. മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകാനാണ് തീരുമാനം.

ദിവസങ്ങൾക്കു മുൻപാണ് മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കാട്ടാനയെ കണ്ടെത്തുന്നത്. തലയിൽ വെടിയേറ്റ മുറിവാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ, ഇതു സ്ഥിരീകരിച്ചിട്ടില്ല. ആനയെ നിരീക്ഷിച്ചു വരുകയാണ്. ചികിത്സിച്ച് മുറിവ് ഭേദമായ ശേഷം കാട്ടിലേക്കു തന്നെ തിരിച്ചയയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

ബുധനാഴ്ച വൈകുന്നേരത്തോടെ ദൗത്യ സംഘം അതിരപ്പള്ളിയിലെത്തും. വ്യാഴാഴ്ചയാകും ദൗത്യം ആരംഭിക്കുക. ആനയുടെ മസ്തകത്തിലെ മുറിവ് എങ്ങനെയുണ്ടായി എന്ന് കണ്ടെത്തും.

മസ്തകത്തിന്‍റെ മുൻഭാഗത്തെ എയർസെല്ലുകൾക്ക് അണുബാധയേറ്റെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. ഏതെങ്കിലും തരത്തിലുള്ള ലോഹ ഭാഗങ്ങൾ മസ്തകത്തിൽ ഉണ്ടോ എന്ന് പരിശോധിക്കും. ഇതിനായി മെറ്റൽ ഡിക്ടറ്ററും ഉപയോഗിക്കും.

അടുത്തെത്തി പരിശോധിച്ചാൽ മാത്രമേ ആനയുടെ സ്ഥിതി സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താനാകൂ. ചികിത്സയ്ക്ക് അനുയോജ്യമായ സ്ഥലത്തേക്ക് ആന എത്തുമ്പോൾ മാത്രമേ ദൗത്യം ആരംഭിക്കൂ. തൃശൂർ, എറണാകുളം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതിനാൽ, വാഴച്ചാൽ, ചാലക്കുടി, മലയാറ്റൂർ മേഖലകളിലെ ഡിഎഫ്ഒമാരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com