വാർഡ് വിഭജന ബില്ലുകളിൽ ഗവർണർ ഒപ്പിടും മുൻപേ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ

2011 ലെ സെൻസസിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വാർഡുകൾ വിഭജിക്കാനാണ് ബില്ലുകൾ കൊണ്ടുവരുന്നത്.
കേരള നിയമസഭ
കേരള നിയമസഭ

തിരുവനന്തപുരം: വാർഡ് വിഭജന ബില്ലുകൾ ഗവർണർ ഒപ്പിട്ടു നിയമമാകും മുൻപു തന്നെ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ചെയർമാനായ സമിതിയിൽ പരിസ്ഥിതി, ഇൻഫൊർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു, പിആർഡി സെക്രട്ടറി എസ്. ഹരികിഷോർ, ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി എന്നീ ഐഎഎസുകാരാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ ജനസംഖ്യാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള കരട് ബില്ലുകൾ നിയമസഭ പാസാക്കിയതോടെയാണു ഡീലിമിറ്റേഷൻ കമീഷൻ രൂപീകരിച്ചത്. 2025 നവംബർ അവസാനമോ ഡിസംബർ ആദ്യമോ തദ്ദേശതെരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ ഡിലിമിറ്റേഷൻ കമ്മിഷന്‍റെ ആദ്യ സിറ്റിങ്ങുകളിൽത്തന്നെ വാർഡ് വിഭജനത്തിനുള്ള മാർഗരേഖ പുറത്തിറക്കാനാണു സാധ്യത. വാർഡ് വിഭജനം പൂർത്തിയാക്കാൻ കുറഞ്ഞത് ആറുമാസം വേണ്ടിവരും. ബില്ലുകൾ നിയമമായതിനു ശേഷമായിരിക്കും കമ്മീഷൻ പ്രവർത്തനം തുടങ്ങുക. ഡിസംബറിനുള്ളിൽ നടപടി പൂർത്തീകരിക്കും.

വാർഡ് വിഭജനത്തിനുള്ള കരട് നിർദേശങ്ങൾ തദ്ദേശസ്ഥാപന സെക്രട്ടറിമാർ തയ്യാറാക്കി ജില്ലാ കലക്ടർ മുഖേന കമീഷന് നൽകും. കമ്മീഷൻ അതൊരു നോട്ടീസായി പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കും. ഇത്‌ ‍ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണിക്കും. അതിനനുസരിച്ച്‌ അന്തിമ വി‍ജ്ഞാപനമിറക്കും. മൂന്നു ഘട്ടമായാണ് വാർഡ് വിഭജനം. ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡ് വിഭജന നടപടികൾ ഒരുമിച്ച് നടത്തും. പഞ്ചായത്തുകളുടെ വാർഡ് വിഭജനം പൂർത്തീകരിച്ചതിനു ശേഷമേ ബ്ലോക്ക് പഞ്ചായത്തുകളുടെ നടപടി ആരംഭിക്കൂ. ഇതിനു ശേഷമാണ് ജില്ലാ പഞ്ചായത്തിന്‍റെ നടപടി തുടങ്ങുക. വാർഡ് വിഭജനത്തിനുശേഷം സംവരണ മണ്ഡലങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. പുതിയ വാർഡുകൾ വന്നുകഴിഞ്ഞേ തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർ പട്ടിക ക്രമീകരിക്കാനാകൂ.2011 ലെ സെൻസസിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വാർഡുകൾ വിഭജിക്കാനാണ് ബില്ലുകൾ കൊണ്ടുവരുന്നത്.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ 13 മുതൽ 23 വരെ വാർഡുകൾ ഉള്ളത് നിയമം വരുന്നതോടെ 14 മുതൽ 24 വരെ ആകും. ജില്ലാ പഞ്ചായത്തുകളിൽ 16 മുതൽ 32 വരെ ഡിവിഷനുകൾ എന്നത് 17 മുതൽ 33 വരെ ആകും. നഗരസഭകളിൽ 25 മുതൽ 52 വരെ വാർഡുകൾ എന്നത് 26 മുതൽ 53 വരെ ആകും. കോർപറേഷനുകളിൽ 55 മുതൽ 100 വരെ എന്നത് 56 മുതൽ 101 ആയി മാറും. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളും 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 ഡിവിഷനുകളുമാണ് നിലവിലുള്ളത്. 87 നഗരസഭകളിൽ 3113, ആറു കോർപറേഷനുകളിൽ 414 എന്നിങ്ങനെയാണു വാർഡുകളുടെ എണ്ണം. ഓരോ വാർഡ് കൂടുന്ന തരത്തിലാണു വാർഡ് വിഭജനമെന്നതിനാൽ ഇതിന്‍റെ ഭാഗമായി മറ്റു വാർഡുകളുടെ അതിർത്തികളിലും മാറ്റം വരും. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനുള്ള ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്കുവിടാതെയും ചർച്ചയില്ലാതെയും നിയമസഭ പാസാക്കിയിരുന്നു. ഇതിനെതിരേ പ്രതിപക്ഷം പ്രതിഷേധിക്കുകയും സഭയിൽ വോക്കൗട്ട് നടത്തുകയും ചെയ്തിരുന്നു. സബ്ജക്ട് കമ്മിറ്റിക്ക്‌ അയച്ച് എല്ലാ നടപടികളും പൂർത്തിയാക്കി 2020-ൽ വാർഡ് വിഭജനത്തിന് നിയമമുണ്ടാക്കിയതാണ്. എന്നാൽ കോവിഡ്മൂലം തുടർനടപടികൾ വേണ്ടെന്നുവെച്ചു. പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിക്ക്‌ അയച്ചതോടെയാണ് നിയമസഭയിൽ ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ നിർബന്ധിതമായത്.

Trending

No stories found.

Latest News

No stories found.