

മുഖ്യമന്ത്രി വി.ഡി. സതീശൻ
കോഴിക്കോട്: സഹകരണ മേഖലയിൽ വിമാന സർവീസ് ആരംഭിക്കാൻ കേരള സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ത്യയിൽ ആദ്യമായാണ് സഹകരണ മേഖലയിൽ വിമാന സർവീസ് ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എംവിആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളുടെ മാതൃകയിൽ സഹകരണ മേഖലയിൽ വിമാനക്കമ്പനി ആരംഭിക്കാൻ വിജയകൃഷ്ണന് അനുമതി ലഭിച്ചിട്ടുണ്ട്. എംവിആർ കാൻസർ സെന്ററിനെയും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തെയും വിജയകരമാക്കിയ സംഘം പദ്ധതിയുമായി സഹകരിക്കുമെന്നും സതീശൻ പറഞ്ഞു. കേരളത്തിന്റെ സഹകരണ മേഖലയിലെ കരുത്ത് ലോകത്തിന് മുന്നിൽ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്ന അതേ ഉറപ്പ് സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്കും ലഭിക്കണം. ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിവിധ വികസന പ്രവർത്തനങ്ങളിലും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം നടത്തുന്ന ഇടപെടലുകളെ അദ്ദേഹം അഭിനന്ദിച്ചു. ഗ്രാമീണ, നഗര സമ്പദ്വ്യവസ്ഥകളുടെ നട്ടെല്ലാണ് സഹകരണ പ്രസ്ഥാനമെന്നും സഹകരണ സംഘങ്ങൾ കൂടുതൽ വികസന പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് പുരോഗതിയുടെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ ഓണക്കാലത്ത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കൈകളിലേക്ക് സർക്കാർ പണമെത്തിച്ചെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സാധാരണക്കാരുടെ ചെലവഴിക്കൽ വർധിച്ചതോടെ വിപണിയിലെത്തിയ പണം സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവേകി. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിനുശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനം കഴിഞ്ഞ മാസം സർക്കാർ രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങളിലെ അഴിമതി അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ മുഖ്യമന്ത്രി, സാധാരണക്കാരുടെ പണം അപഹരിക്കുന്നവർ ജയിലിൽ കഴിയേണ്ടവരാണെന്നും വ്യക്തമാക്കി.