മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

സംസ്ഥാനത്തെ റെയിൽ വികസനത്തെക്കുറിച്ച് വിശദമായ മെമ്മോറാണ്ടം കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽകണ്ട് മുഖ്യമന്ത്രി സമർപ്പിച്ചിരുന്നു
kerala government moves forward with wildlife conflict legislation
cm - pinarayi vijayan

file image

Updated on

തിരുവനന്തപുരം: മനുഷ്യ-​വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിർ​മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നും എംപിമാരുടെ യോഗത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലാണു എംപിമാരുടെ യോഗം ചേർന്നത്.

നിലവിലെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തി കേരളത്തിന്‍റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള സഹകരണം എല്ലാ പാർലമെന്‍റംഗങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിചേർത്തു. സംസ്ഥാനത്തിന്‍റെ താ​ത്പര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എംപിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. നാടിന്‍റെ പൊതുവായ കാര്യങ്ങളിൽ യോജിച്ച് ഇടപെടണമെന്നും യോഗം അഭിപ്രായപ്പെട്ടു. വയനാട് ജില്ലയിലെ മേപ്പാടി-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത് പ്രകാരം മേപ്പാടിക്ക് 2221.10 കോടി രൂപയും കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് 98.10 കോടി രൂപയും അനുവദിക്കുന്നതിനായി ഒന്നിച്ച് നിലപാട് സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും ഒഴിവാക്കിയ 'സെക്ഷൻ 13' പുനഃസ്ഥാപിക്കുന്നതിന് കൂട്ടായ ഇടപെടൽ വേണം. വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങളിൽ പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത് ലഘൂകരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമ ഭേദഗതി അടിയന്തരമായി വരുത്തുന്നതിനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിന് ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

സംസ്ഥാനത്തെ റെയിൽ വികസനത്തെക്കുറിച്ച് വിശദമായ മെമ്മോറാണ്ടം കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽകണ്ട് മുഖ്യമന്ത്രി സമർപ്പിച്ചിരുന്നു. അതിന്‍റെ തുടർച്ചയായി തലശേരി - മൈസൂർ, നിലമ്പൂർ - നഞ്ചൻഗുഡ് റെയിൽ പദ്ധതി, കാഞ്ഞങ്ങാട് - പാണത്തൂർ - കണിയൂർ റെയിൽവേ ലൈൻ, അങ്കമാലി - എരുമേലി - ശബരി റെയിൽവേ ലൈൻ, സംസ്ഥാനത്ത് മൂന്നാമതും നാലാമതും റെയിൽവേ ലൈനുകൾ അനുവദിക്കുന്നത്, കൊച്ചി മെട്രോ എസ്‌​എൻ ജങ്ഷൻ മുതൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ വരെ നീട്ടുന്നതിനുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യോഗത്തിൽ മന്ത്രിമാരായ പി. പ്രസാദ്, ജി. ആർ. അനിൽ, എ. കെ. ശശീന്ദ്രൻ, പി.രാജീവ്, കെ എൻ. ബാലഗോപാൽ, കെ. കൃഷ്ണൻകുട്ടി, സജി ചെറിയാൻ, പി.​എ.​മുഹമ്മദ് റിയാസ്, ഒ.​ആർ.​കേളു, എംപിമാരായ കെ .രാധാകൃഷ്ണൻ, ഇ. ടി.​മുഹമ്മദ്‌ ബഷീർ, പി. പി.​സുനീർ, വി.ശിവദാസൻ, ജോൺ ബ്രിട്ടാസ്, ജോസ് .കെ മാണി, കൊടിക്കുന്നിൽ സുരേഷ്, രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ആന്‍റോ ആന്‍റണി, ബെന്നി ബഹന്നാൻ, എം.കെ.​രാഘവൻ, അടൂർ പ്രകാശ്, കെ. ഫ്രാൻസിസ് ജോർജ്, വി. കെ,ശ്രീകണ്ഠൻ, ഹാരിസ് ബീരാൻ, ഷാഫി പറമ്പിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.

ബോ​ക്സ്..................

ചർച്ചയായി എയിംസ്, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങ​ൾ

തിരുവനന്തപുരം: ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേരളത്തിൽ അനുവദിക്കുന്നതിനുള്ള നടപടി, വയ വന്ദന യോജന പദ്ധതിയുടെ പ്രീ​മി​യം തുക വർദ്ധന​, നാഷണൽ ഹെൽത്ത് മിഷന്‍റെ ഭാഗമായി കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കേണ്ട കുടിശിക ലഭ്യമാക്കൽ, ആശാ വർക്കർമാരെ ഹെൽത്ത് വർക്കർമാരാക്കണമെന്ന ആവശ്യം, ബ്രഹ്മോസ് പദ്ധതി സംസ്ഥാനത്ത് നിലനിർത്തുന്നത്, വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്ന് സർവീസ് നടത്താനുള്ള 'പോയിന്‍റ് ഓഫ് കോൾ" ലഭ്യമാക്കൽ, സംസ്ഥാനത്തെ ദേശീയപാതാ വികസനം, ദേശീയ ജലപാത-3ന്‍റെ എക്സ്റ്റൻഷൻ ആയി പ്രഖ്യാപിച്ചിട്ടുള്ള കോട്ടപ്പുറം മുതൽ കോഴിക്കോട് വരെയുള്ള ജലപാത ദേശീയ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നത്, തീരദേശ സംരക്ഷണത്തിനായുള്ള കടൽഭിത്തി നിർമാണം തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു. കടൽ ഭിത്തി നിർമ്മാണത്തിനോടൊപ്പം തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനും, സ്വത്തും സംരക്ഷിക്കുന്നതിനായുള്ള വിവിധ പ്രൊപ്പോസൽ കേന്ദ്ര സർക്കാരിനു സമർപ്പിച്ചതിന്മേൽ നടപടി സ്വീകരിക്കണം, സംസ്ഥാനത്തിന് ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുക തുടങ്ങിയവയിൽ സ്വീകരിക്കേണ്ട നടപടികൾ സംയുക്തമായി ഏകോപിപ്പിക്കുമെന്നും പാർലമെന്‍റംഗങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com