തിരുവനന്തപുരം: സർക്കാർ പുറത്തു വിട്ട ഹേമ കമ്മിഷൻ റിപ്പോർട്ടിനെ ചൊല്ലി വൻ വിവാദം. സ്വകാര്യതയെ മാനിച്ച് പുറത്തു വിടരുതെന്ന് വിവരാവകാശ കമ്മിഷൻ നിർദേശിച്ച ചില ഭാഗങ്ങൾ സർക്കാർ പുറത്തു വിട്ട റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ഇത്തരത്തിൽ നിർദേശം ലഭിച്ചിട്ടില്ലാത്ത ചില ഭാഗങ്ങൾ പുറത്തു വിട്ടിട്ടുമില്ല.
233 പേജുള്ള കമ്മിഷൻ റിപ്പോർട്ടിൽ 49ാം പേജിലെ പാരഗ്രാഫ് 96, 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ, 165 മുതൽ 196 വരെയുള്ള പേജുകളിലെ ചില പാരഗ്രാഫുകൾ, അനുബന്ധമായി നൽകിയിരിക്കുന്ന മൊഴിയും പുറത്തു വിടരുതെന്നും മറ്റെന്തൊക്കെ ഒഴിവാക്കാമെന്ന് സർക്കാരിന് പരിശോധിച്ച് തീരുമാനിക്കാമെന്നുമാണ് ജൂലൈ 5ന് വിവരാവാശ കമ്മിഷൻ നിർദേശിച്ചിരുന്നത്. വിവരാവകാശ പ്രകാരം അപേക്ഷ നൽകിയിരുന്നവർക്ക് ഏതൊക്കെ ഭാഗങ്ങളാണ് ഒഴിവാക്കുന്നത് എന്ന് സർക്കാർ വിശദീകരണം നൽകിയിരുന്നു. എന്നാൽ ഈ വിശദീകരണത്തിൽ പറയാത്ത 49 മുതൽ 53 വരെയുള്ള പേജുകൾ പുറത്തു വന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ പുറത്തു വിട്ട റിപ്പോർട്ടിൽ 49ാം പേജിലെ പാരഗ്രാഫ് 96 ഉൾപ്പെടുത്തിയിട്ടുണ്ട്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ലൈംഗിക പീഡനം നടത്തിയത് സിനിമാ മേഖലയിലെ പ്രശസ്തരായ ആളുകളാണ്. അത് കമ്മിഷന് ബോധ്യപ്പെട്ടിട്ടുണ്ട്. അവരുടെ പേരുകളും കമ്മിഷന് മുൻപാകെ പറയപ്പെട്ടു എന്നാണ് ഈ പാരഗ്രാഫിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനു ശേഷമുള്ള ഭാഗം ഒഴിവാക്കി. പേജുകൾ എഡിറ്റ് ചെയ്തപ്പോൾ വന്ന സാങ്കേതിക പിഴവായിരിക്കാം കാരണമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രശസ്ത നടന്മാരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ പേരുകൾ പറഞ്ഞിട്ടുണ്ടെന്നും പുറത്തു വന്ന സാഹചര്യത്തിൽ പേരുകൾ പുറത്തു വിടാനുള്ള സമ്മർദവും ശക്തമാകും.
സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കണമെന്ന വിവരാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന്‍റെ മറവില്‍, സുപ്രധാന വിവരങ്ങൾ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നാണ് എന്നാണ് ആരോപണം.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 96-ാം ഖണ്ഡികയിൽ സിനിമയിലെ അതിപ്രശസ്തർ ലൈംഗികചൂഷണം നടത്തിയെന്ന പരാമർശമായിരുന്നു. കമ്മീഷന് അത് മൊഴിയായി ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. കാസ്റ്റിങ് കൗച്ച് അടക്കമുള്ള സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചവയില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. ഈ ഭാഗങ്ങളും പുറത്തുവിടും എന്നായിരുന്നു സർക്കാർ ജൂലൈ 18ന് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ ഈ ഭാഗങ്ങൾ വെട്ടിച്ചുരുക്കി.
അതേസമയം, സ്വകാര്യത മാനിച്ചാണ് റിപ്പോര്‍ട്ടില്‍ നിന്നും കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയതെന്നാണ് സാംസ്കാരിക വകുപ്പിന്‍റെ വിശദീകരണം. സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൂടുതൽ പാരഗ്രാഫുകൾ ഒഴിവാക്കിയതെന്നാണ് സർക്കാരിന്‍റെ വാദം. എന്നാല്‍, വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിര്‍ദേശിച്ച 96-ാം പാരഗ്രാഫ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.