
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ . സർക്കാർ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോവുന്നതെന്നും ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞു. നാടിനെ മോശമാക്കുന്നതാണ് സർക്കാരിന്‍റെ സത്യവാങ്മൂലമെന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
കേരളത്തിന് പുറത്ത് ഇത് സംസ്ഥാനത്തിന് മോശമല്ലെയെന്നും സാമ്പത്തിക അടിയന്തരാവസ്ഥയാണോയെന്നും കോടതി ചോദിച്ചു. ഭരണഘടനാ വായിച്ചിട്ടുണ്ടോ എന്നു ചോദിച്ച കോടതി അധിക സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു. ഹർജി പത്തു ദിവസത്തിനകം വീണ്ടും പരിഗണിക്കാനായി മാറ്റി.
കെഎസ്ആർടിസിക്ക് നൽകിയ 360 കോടി രൂപ തിരികെ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെടിഡിഎഫ്സി സർക്കാരിനെ അറിയിച്ചു. ആ തുക നിലവിൽ പലിശയടക്കം 900 കോടിയിലെത്തി. എന്നാൽ പണം നൽകാനില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. തുടർന്ന് സർക്കാർ തന്നെ തുക നൽകണമെന്ന് കെടിഡിഎഫ്സി ആവശ്യപ്പെടുകയായിരുന്നു.