
കുടിവെള്ളത്തിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ 'ഔട്ട്'; വരുന്നു വാട്ടർ വാട്ടർ എടിഎം
file image
തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളിലെ കുടിവെള്ള വിതരണം മാലിന്യ സംസ്കരണത്തിന് വെല്ലുവിളിയാകുന്നെന്ന വിലയിരുത്തലിൽ തിരക്കേറിയ സ്ഥലങ്ങളിൽ വാട്ടർ എടിഎമ്മുകൾ സജ്ജീകരിക്കാൻ പദ്ധതിയിടുകയാണ് സർക്കാർ. ജലസേചന വകുപ്പിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹില്ലി അക്വ കമ്പനിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല.
കുപ്പിവെള്ളത്തേക്കാൾ കുറഞ്ഞ ചെലവിൽ വെള്ളം കിട്ടുന്ന രീതിയിൽ ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് പണം അടച്ചാൽ ആവശ്യത്തിന് വെള്ളം ശേഖരിക്കാൻ കഴിയും. വെള്ളം ശേഖരിക്കാനുള്ള പാത്രം ഉപയോക്താക്കൾ കൊണ്ടുവരണം. ആദ്യഘട്ടത്തിൽ മൂന്നാർ, തേക്കടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും മെഡിക്കൽ കോളെജുകളിലും വാട്ടർ എടിഎം സ്ഥാപിക്കും. പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. പദ്ധതിക്കുള്ള പഠനം പൂർത്തിയായി. ജനങ്ങൾക്കും കമ്പനിക്കും ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാന വ്യാപകമാക്കാനുള്ള പദ്ധതിക്ക് കമ്പനിയുടെ അടുത്ത ഡയറക്റ്റർ ബോർഡ് യോഗത്തിൽ അന്തിമാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ തൊടുപുഴ മലങ്കര, തിരുവനന്തപുരം അരുവിക്കര എന്നീ പ്ലാന്‍റുകളിലെ ശുദ്ധജലമാണ് എടിഎമ്മുകളിൽ നിറയ്ക്കുക. പ്ലാന്‍റുകളിൽ നിന്ന് വലിയ ജാറുകളിൽ വെള്ളം അതാത് കേന്ദ്രങ്ങളിൽ എത്തിക്കും. ക്യുആർ കോഡ് സ്കാൻ ചെയ്തത് പണം അടയ്ക്കുമ്പോൾ ഓട്ടൊമാറ്റിക്കായി മെഷീനിൽ നിന്ന് വെള്ളം കിട്ടും.
എടിഎമ്മുകൾ പരിപാലിക്കുന്നതിന് ഡീലർമാരെയും നിയോഗിക്കും. പാലക്കാട് ജില്ലയിൽ സ്വകാര്യ കമ്പനിയുമായി ചേർന്ന് വാട്ടർ എടിഎമ്മുകൾ സ്ഥാപിച്ചിരുന്നു. വാട്ടര്‍ എടിഎമ്മില്‍ രണ്ട് ടാപ്പുണ്ട്. ഒന്നില്‍ ഒരു രൂപയിട്ടാല്‍ ഒരു ലിറ്റര്‍ തണുത്ത വെള്ളം കിട്ടും. മറ്റൊന്നില്‍ 5 രൂപയിട്ടാല്‍ അഞ്ച് ലിറ്റര്‍ സാധാരണ വെള്ളം ലഭിക്കും. വിലയിൽ വ്യത്യാസമുണ്ടാകുമെങ്കിലും ഇതേ മാതൃകയിലുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്.