എലിപ്പനി മരണങ്ങൾക്കെതിരേ കരുത‌ൽ‌ നടപടികളുമായി സർക്കാർ

ഏത് പനിയും പകർച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നൽകി
Government with preventive measures against rat fever deaths
Veena Georgefile
Updated on

തിരുവനന്തപുരം: എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കൊണ്ടുള്ള മരണങ്ങള്‍ തദ്ദേശ സ്ഥാപന തലത്തില്‍ അടുത്ത രണ്ടാഴ്ച വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി. ഗവേഷണ അടിസ്ഥാനത്തില്‍ പഠനം നടത്താനായി ഒരു കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. എലിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്നാണ് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം.

മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്‍റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഏത് പനിയും പകർച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നൽകി. ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.

സാലഡ്, ചട്ണി, മോര് എന്നിവയില്‍ ഉപയോഗിക്കുന്ന വെള്ളവും തിളപ്പിച്ച് ആറ്റിയതായിരിക്കണം. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മണ്ണിലും ജലത്തിലും കലരുന്ന മാലിന്യം ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്ന ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. അവബോധം ശക്തമാക്കണമെന്നും നിർദേശം നൽകി.

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്റ്റര്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്റ്റര്‍, ആരോഗ്യ വകുപ്പ് ഡയറക്റ്റര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്റര്‍, ഐഎസ്എം ഡയറക്റ്റര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്റ്റര്‍മാര്‍, ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com