ഗവർണർക്ക് കുറച്ച് കാശ് വേണം, വെറും രണ്ടരക്കോടി രൂപ...!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കൈയിൽ കാശില്ല, കടമെടുത്തതിന്‍റെ പലിശ അടയ്ക്കാൻ വേറെ കടമെടുക്കുന്ന അവസ്ഥയാണ്. പക്ഷേ, ഗവർണർക്ക് കുറച്ച് കാശ് ആവശ്യം വന്നാൽ വേറെ ആരോടു ചോദിക്കാൻ!
അധികമൊന്നുമില്ല, വെറും 2.6 കോടി രൂപയാണ് ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതും, വിനോദം, അതിഥി സത്കാരം തുടങ്ങിയ ചില ഒഴിവാക്കാനാവാത്ത കാര്യങ്ങൾക്കു വേണ്ടി!
ആവശ്യപ്പെടുന്നത് പല മടങ്ങ് വർധന
രാജ്ഭവനിലെ ആറിനങ്ങളിലുള്ള ചെലവ് കാണിച്ചാണ് ഗവർണർ പണം ചോദിച്ചിരിക്കുന്നത്. അതിഥി സത്കാരത്തിനുള്ള നിലവിലെ ചെലവിൽ ഇരുപത് മടങ്ങ് വർധന വരുത്തണമെന്ന് ആവശ്യപ്പെടുമ്പോൾ, വിനോദത്തിനുള്ള തുക 36 മടങ്ങ് കൂട്ടണമെന്നാണ് ആവശ്യപ്പെടുന്നത്. ഓഫിസ് ചെലവുകൾ ആറേകാൽ മടങ്ങ് വർധിപ്പിക്കണമെന്നും ഫർണിച്ചറുകൾ മോടിപിടിപ്പിക്കാനും നവീകരിക്കാനുളള ചെലവിൽ രണ്ടര മടങ്ങ് വർധന വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഗവർണറുടെ ആവശ്യം സർക്കാർ പരിഗണിച്ചു വരുന്നതായാണ് അറിയുന്നത്.
1987 ലെ ഗവര്‍ണേഴ്സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജ് റൂള്‍സ് അനുസരിച്ചാണ് ഗവര്‍ണര്‍മാരുടെ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ക്കെല്ലാം കൂടി പരമാവധി സംസ്ഥാന സര്‍ക്കാരിന് 32 ലക്ഷം രൂപവരെ അനുവദിക്കാം. എന്നാല്‍ വര്‍ഷം 2.60 കോടി രൂപ ഇതിനായി അനുവദിക്കണമെന്നാണ് രാജ്ഭവന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തെ ആകെ ചെലവ് 3 കോടി മാത്രം
മുമ്പിരുന്ന ഗവര്‍ണര്‍മാര്‍ മൂലം ഇത്രയധികം ബാധ്യത സംസ്ഥാനത്തിനുണ്ടായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുത്താല്‍ ആറിനങ്ങളിലായി മൂന്നു കോടി രൂപവരെ മാത്രമാണ് മൊത്തം ചെലവ്. രാജ്ഭവനിലെ വാര്‍ഷിക ചെലവിലേക്കായി ബജറ്റില്‍ 30 ലക്ഷമാണ് ഈ വര്‍ഷം വകയിരുത്തിയിട്ടുള്ളത്. ഇത് കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം നിശ്ചയിച്ചതാണ്.

ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുകയില്‍ അധികമായി വരുന്ന തുക അധിക വകയിരുത്തലായോ പുനഃക്രമീകരണം വഴിയോ രാജ്ഭവന് നല്‍കാറുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും നല്‍കുക എന്നതു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വലിയ തുകയ്ക്കുള്ള ബില്ലുകള്‍ മാറുന്നതിന് ട്രഷറി നിയന്ത്രണം നിലനില്‍ക്കുകയാണ്. അതിനിടെയാണ് രാജ്ഭവന്‍ കൂടുതല്‍ തുക ആവശ്യപ്പെടുന്നത്.
കണക്കില്ലാത്ത ചെലവ്
ഗവർണർക്കും അനുചരവൃന്ദത്തിനുമായി ചെലവിടുന്ന തുകയുടെ കണക്കെടുപ്പും പരിശോധനയും നടക്കാറില്ല. എന്നാൽ, സർക്കാരിന്‍റെ എല്ലാ ചെലവിനും നിയമസഭയുടെ വോട്ടെടുപ്പിലൂടെയുള്ള അംഗീകാരം വേണം. രാജ്‌ഭവന്‍റെ കാര്യത്തിൽ ഇത് ബാധകമല്ല. നിയമസഭ ഈ ചെലവ് ചർച്ചയും വോട്ടെടുപ്പുമില്ലാതെതന്നെ പാസാക്കും. ട്രഷറിയിൽ എത്തുന്ന ബില്ല് പാസാക്കുക മാത്രമാണ് സർക്കാരിനാകുക. ട്രഷറിയിൽ പണമില്ലെങ്കിലും രാജ്‌ഭവന്‍റെ ബിൽ പാസാക്കി പണം നൽകണമെന്നതാണ് വ്യവസ്ഥ. ഇതിന്‍റെ വിനിയോഗം ഒരുതരത്തിലും പരിശോധനയ്‌ക്ക് വിധേയമാകുന്നില്ല.