നിതിൻ രാജ് ആക്ഷൻ കൗൺസിൽ ഹർത്താൽ നടത്തും
കോട്ടയം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിതിൻ രാജിനു നീതി കിട്ടണമെന്നാവശ്യപ്പെട്ട് 52 ആദിവാസി ദളിത് സംഘടനകൾ ഏപ്രിൽ 28ന് സംസ്ഥാനത്ത് ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട ആറു വരെയാണ് ഹർത്താൽ.
27ന് വൈകിട്ട് ആറിന് കേരളത്തിലെ 14 ജില്ലകളിലും ആക്ഷൻ കൗൺസിൽ പ്രകടനങ്ങൾ സംഘടിപ്പിക്കും. ആശുപത്രി, പത്രം, പാൽ, ആംബുലൻസ്, മാധ്യമങ്ങൾ തുടങ്ങിയവയെയും തൃശൂർ വെടിക്കെട്ട് അപകടം നടന്ന പ്രദേശത്തെയും ഹർത്താലിൽ നിന്ന് ഒഴിവാക്കി.
നിതിന്‍റെ മരണത്തിലെ ദുരൂഹത നീക്കുക, ഡെന്‍റൽ കോളെജിലെ അധ്യാപകരായ ഡോ. റാം ഉൾപ്പെടെയുള്ളവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കുക, നിതിൻ രാജിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുക, നഷ്ടപരിഹാരത്തുകയായി അടിയന്തിരമായി 10 കോടി രൂപ കുടുംബത്തിനു നൽകുക, ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തുക, ഡെന്‍റൽ കോളെജിന്‍റെ അംഗീകാരം റദ്ദാക്കുക, വിദ്യാലയങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്റ്റ് നടപ്പാക്കുക, നിതിൻ രാജ് കേസ് അട്ടിമറിക്കാൻ ശ്രമിച്ച കണ്ണൂർ എസ്‌പിയെ സർവീസിൽ നിന്നു പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിക്കുന്നത്.
ചില രാഷ്ട്രീയ പാർട്ടികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ ഹർത്താലായിരിക്കും ഇതെന്നും, ആദിവാസി ദളിത് സമുദായത്തിലെ സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുക്കുമെന്നും ആക്ഷൻ കൗൺസിൽ നേതാക്കൾ പറഞ്ഞു. കട കമ്പോളങ്ങൾ അടച്ചും ഗതാഗത സർവീസ് നിർത്തിവച്ചും പിന്തുണ നൽകണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
ഹർത്താലിനു ശേഷം കേസ് അട്ടിമറിക്കുകയോ ലോൺ ആപ്പിന്‍റെ പേരിൽ പ്രതികളെ രക്ഷപെടാൻ അനുവദിക്കുകയോ ചെയ്താൽ ശക്തമായ പ്രക്ഷോഭം തുടരുമെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. സുരേഷ്, ജനറൽ കൺവീനർ സണ്ണി എം. കപിക്കാട് എന്നിവർ അറിയിച്ചു.
