ശബരിമല ദർശനത്തിന് അനുമതി തേടി പത്തുവയസുകാരി; ഹർജി തള്ളി ഹൈക്കോടതി

തനിക്ക് ആർത്തവം ആരംഭിച്ചിട്ടില്ലെന്നും അതിനാൽ മണ്ഡലപൂജ, മകരവിളക്ക് കാലത്ത് ശബരിമല ദർശനത്തിന് അനുമതി നൽകണമെന്നുമായിരുന്നു ഹർ‌ജിയിലെ ആവശ്യം
kerala hc dismisses 10 year old girls plea for sabarimala entry
ശബരിമല ദർശനത്തിന് അനുമതി തേടിയുള്ള പത്തുവയസുകാരിയുടെ ഹർജി തള്ളി ഹൈക്കോടതിSabarimala file image

കൊച്ചി: ശബരിമല ദർശനത്തിന് അനുമതി തേടിയുള്ള പത്തുവയസുകാരിയുടെ ഹർജി കേരള ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീ പ്രവേശനം സുപ്രീം കോടതി വിശാലബെഞ്ചിന്‍റെ പരിഗണനയിലുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

ബംഗളൂരു നോർത്ത് സ്വദേശിയായ 10 വയസുകാരിയാണ് ഹർജി നൽകിയത്. തനിക്ക് ആർത്തവം ആരംഭിച്ചിട്ടില്ലെന്നും അതിനാൽ മണ്ഡലപൂജ, മകരവിളക്ക് കാലത്ത് ശബരിമല ദർശനത്തിന് അനുമതി നൽകണമെന്നുമായിരുന്നു ഹർ‌ജിയിലെ ആവശ്യം.

പത്തു വയസിന് മുൻപായി ശബരിമല ദർശനം നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും പിതാവിന്‍റെ അനാരോഗ്യവും മൂലം ദർശനം നടത്താതായില്ല. തുടർന്ന് 2023 ൽ പിതാവ് ഓൺലൈനിലൂടെ അപേക്ഷിച്ചിരുന്നു. എന്നാൽ, പ്രായപരിധി കഴിഞ്ഞെന്ന് കാട്ടി അപേക്ഷ നിരസിക്കുകയായിരുന്നു.

ആർത്തവം ആരംഭിക്കാത്തതിനാൽ തനിക്ക് ആചാര മര്യാദകൾ പാലിച്ച് മലകയറാനാവുമെന്നും ഹർജിക്കാരി വാദിച്ചു.

എന്നാൽ, 10 മുതൽ 50 വയസുവരെയുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്ര ദർശനം പാടില്ലെന്ന ദേവസ്വം ബോർഡ് തീരുമാനത്തിൽ ഇടപെടാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

Trending

No stories found.

Latest News

No stories found.