Video Screenshots
Video Screenshots

'ദൃശ്യങ്ങൾ പുറത്തുവന്നത് കൊണ്ട് മാത്രം ദേവസ്വം പോലും അറിഞ്ഞു'; ഗുരുവായൂരിൽ ആനകളെ മര്‍ദിച്ചതില്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി

ഹർജി അടുത്ത ചൊവ്വാഴ്ച ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.
Published on

എറണാകുളം: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ മർദ്ദിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയാണെന്ന് ദേവസ്വം ബോർഡ് അറിയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നത് കൊണ്ട് മാത്രമാണ് സംഭവം ദേവസ്വം പോലും അറിഞ്ഞതെന്നും കോടതി വിമർശിച്ചു.

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി നടപടി. ആനക്കോട്ടയിൽ അടിയന്തിര പരിശോധന നടത്താൻ ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒക്ക് ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണം. ആനകളെ ഇരുമ്പ് തോട്ടി ഉപയോഗിച്ച് നിയന്ത്രിക്കുന്നവർക്കെതിരെ നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചു.

ആനകളെ പാപ്പാന്മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് എന്തു നടപടി സ്വീകരിച്ചുവെന്ന് കോടതി ചോദിച്ചു. പാപ്പാന്മാർക്ക് എതിരെ വനം വകുപ്പ് രണ്ട് കേസും പൊലീസ് ഒരു കേസും റജിസ്റ്റർ ചെയ്തതായി ബന്ധപ്പെട്ട അഭിഭാഷകർ അറിയിച്ചു. ജനുവരി 15, 24 തീയതികളിലാണ് സംഭവം നടന്നതെന്ന് ദേവസ്വം വ്യക്തമാക്കി. ഹർജി അടുത്ത ചൊവ്വാഴ്ച ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും.

logo
Metro Vaartha
www.metrovaartha.com