
പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല: ഹൈക്കോടതിയുടെ ഉത്തരവ്
കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ലെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവർക്കു മാത്രമേ ശുചിമുറി ഉപയോഗിക്കാൻ അവകാശമുള്ളൂ എന്നും ജസ്റ്റിസ് സി.എസ്. ഡയസ് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കണമെന്നു സർക്കാരും തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനും നിർബന്ധിക്കരുതെന്നും കോടതി നിർദേശിച്ചു.
സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പെട്രോൾ ഔട്ട്‌ലെറ്റുകളിലെ ടോയ്‌ലറ്റുകൾ പൊതു ടോയ്‌ലറ്റുകളാക്കി മാറ്റാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം വ്യാപാരികളുടെ സംഘടന നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഉപയോക്താക്കളുടെ അടിയന്തര ആവശ്യങ്ങൾക്കുള്ള സ്വകാര്യ പമ്പുകളിലെ ടോയ്‌ലറ്റുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ നിർബന്ധിതരാകുന്നുവെന്നും, ഇത് പെട്രോൾ പമ്പുകളുടെ പതിവ് പ്രവർത്തനം തടസപ്പെടുത്തുന്നു എന്നും ഹർജിക്കാർ വാദിച്ചു.
യാത്രക്കാർക്ക് ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി ടൂറിസ്റ്റ് ബസുകളാണ് പെട്രോൾ പമ്പുകളിൽ എത്തുന്നത്. കൂടാതെ, സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം മൂലം ഉയർന്ന അപകടസാധ്യതയുള്ള മേഖലകളായ പെട്രോൾ പമ്പ് പരിസരങ്ങളിൽ ഇത് പലപ്പോഴും സംഘർഷങ്ങൾക്കും വഴക്കുകൾക്കും കാരണമായിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.