
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരേ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ ക്യത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.
ക്യാമ്പുകളിൽ പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ കണ്ടെത്തിയാൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാതെ നോക്കണം, ജീവിത ശൈലി രോഗങ്ങളുള്ളവരേയും മറ്റ് അസുഖങ്ങളുള്ളവരേയും പ്രത്യേകം ശ്രദ്ധിക്കണം.അവര്‍ക്ക് മരുന്ന് മുടങ്ങരുത്. കുട്ടികള്‍, ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ വേണം. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഉറപ്പ് വരുത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കണം എന്നും മന്ത്രി പറയുന്നു.
മഴയ്ക്ക് ശേഷം വരുന്ന രോഗങ്ങൾക്കെതിരേ പ്രത്യേക ശ്രദ്ധയുണ്ടാവണം. ക്യാമ്പും പരിസരവും വ്യത്തിയായി സൂക്ഷിക്കണം. കൊതുകിന്‍റെ ഉരവിട നശീകരണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വൈറൽ പനികൾ, വായുജന്യ രോഗങ്ങൾ, ജലജന്യ രോഗങ്ങൾ, ചർമ്മ രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യതകൾ കൂടുതലാണ്. ക്യാമ്പിലുള്ളവർ മാസ്ക് ധരിക്കണം. ഇതുവഴി വിവിധതരം വായുജന്യ രോഗങ്ങളെയും പ്രതിരോധിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.