ഹിമോഫീലിയ; 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും രാജ്യത്താദ്യമായി എമിസിസുമാബ് ചികിത്സ

കുട്ടികള്‍ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയില്‍ 2 തവണ വീതമുള്ള ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനാവും
kerala hemophilia treatment childrens
18 വയസിന് താഴെയുള്ള ഹിമോഫീലിയ ബാധിച്ച മുഴുവൻ കുട്ടികൾക്കും രാജ്യത്താദ്യമായി എമിസിസുമാബ് ചികിത്സ
Updated on

തിരുവനന്തപുരം: ഹിമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്നസമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുക.

ഹീമോഫിലിയ ചികിത്സയില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നറിയപ്പെടുന്ന പ്രതിരോധ ചികിത്സ (പ്രൊഫിലാക്‌സിസ്) 2021 മുതല്‍ നല്‍കി വരുന്നുണ്ട്. ഇത്തരത്തില്‍ പ്രൊഫിലാക്‌സിസ് ചികിത്സ ഇത്രയധികം രോഗികള്‍ക്ക് നല്‍കുന്നതും ഇന്ത്യയില്‍ തന്നെ ആദ്യമായി സംസ്ഥാനത്താണ്. 'ഹീമോഫിലിയ രോഗികള്‍ക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

എമിസിസുമാബ് എന്ന ഈ നൂതന ചികിത്സാ 2021 മുതല്‍ തെരഞ്ഞെടുത്ത രോഗികൾക്ക് നൽകുന്നുണ്ട്. കഴിഞ്ഞ 3 വര്‍ഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ രോഗികള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ 18 വയസില്‍ താഴെയുള്ള മുഴുവന്‍ രോഗികള്‍ക്കും വിലകൂടിയ മരുന്ന് നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. 300 ഓളം കുട്ടികൾക്ക് ഇതിന്‍റെ ഫലം ലഭിക്കും.

കുട്ടികള്‍ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയില്‍ 2 തവണ വീതമുള്ള ആശുപത്രി സന്ദര്‍ശനവും ഞരമ്പിലൂടെയുള്ള ഇഞ്ചക്ഷനുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ മുടക്കങ്ങളും മാതാപിതാക്കളുടെ തൊഴില്‍ നഷ്ടവും ഗണ്യമായി കുറയുകയും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുവാനും സാധിക്കുന്നതുമാണെന്നും മന്ത്രി വ്യക്തമാക്കി.

2000 ഓളം ഹിമോഫിലിയ രോഗബാധിതരായി കേരളത്തിൽ ആശാധാര പദ്ധതിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുന്‍കാലങ്ങളില്‍ മെഡിക്കല്‍ കോളജുകളിലും ആലുവ താലൂക്ക് ആശുപത്രിയിലും മാത്രം ലഭ്യമായിരുന്ന ചികിത്സയെ 72 ൽ അധികം ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചത് ഈ സർക്കാരിന്‍റെ കാലത്താണെന്നും മന്ത്രി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com