'അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണം'; കരുവന്നൂര്‍ തട്ടിപ്പ് കേസിൽ ഇഡിക്ക് രൂക്ഷ വിമര്‍ശനം

കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇഡി
Karuvannur service cooperative bank
Karuvannur service cooperative bank

എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം നീണ്ടു പോകുന്നതില്‍ ഇഡിയെ വിമർശിച്ച് ഹൈക്കോടതി. എന്താണ് ഈ കേസില്‍ ഇഡി ചെയ്യുന്നതെന്നും അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

തന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത്. അവര്‍ക്ക് എന്ത് ഉറപ്പ് കൊടുക്കും? ഒരു അന്വേഷണ ഏജന്‍സി കാര്യപ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടിയിലൂടെയാണ്. അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

എന്നാൽ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. കേസന്വേഷണം സമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. നിലവില്‍ കരുവന്നൂരിനൊപ്പം 12 സഹകരണ ബാങ്കുകളില്‍ അന്വേഷണം നടക്കുന്നുണ്ട്. കേസിന്‍റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. കരുവന്നൂരുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളില്‍ നിന്ന് ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ട്. ഇവർക്കുൾപ്പടെയുള്ളവർക്ക് സമന്‍സ് അയക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഇഡി ഹൈക്കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ അന്വേഷണം വൈകുന്ന കാര്യത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ ഇതുവരെ സമര്‍പ്പിച്ച എല്ലാ കുറ്റപത്രങ്ങളും ഹാജരാക്കാന്‍ ഇഡിക്ക് കോടതി നിർദേശം നല്‍കി.

Trending

No stories found.

Latest News

No stories found.