തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂർണരൂപം മുദ്രവച്ച കവറിൽ ഹാജരാക്കാന്‍ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോർട്ടിന്‍റെ അടിസ്ഥാനാത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവസ്യപ്പെട്ടുള്ള ഹർജി സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. സെപ്റ്റംബർ 10ന് കോടതിയിൽ ഹാജരാകാനാണ് നിർദേശം. എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നത് അടക്കം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. കേസില്‍ വനിതാ കമ്മീഷനെയും കക്ഷി ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിനെ ചോദ്യമുനയിൽ നിർത്തി ഹൈക്കോടതി. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്നെങ്കിൽ കേസെടുത്തുകൂടെയെന്ന് ചോദിച്ച കോടതി കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്നും ചോദിച്ചു. ഇങ്ങനെയൊരു റിപ്പോര്‍ട്ട് ലഭിച്ചാല്‍, കെട്ടിപ്പൂട്ടി വെക്കാതെ തുടര്‍നടപടി സ്വീകരിക്കേണ്ടതല്ലേ. അല്ലെങ്കില്‍ ഇങ്ങനെയൊരു കമ്മിറ്റിയെ നിയോഗിച്ചതു കൊണ്ട് എന്താണ് ഫലം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോ. മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടോ എന്നും കോടതി ചോദിച്ചു. എന്നാലിത് കോൺഫിഡൻഷ്യൽ ആണെന്നായിരുന്നു സർക്കാരിന്‍റെ മറുപടി.
എന്നാൽ ഇരകളായ ആര്‍ക്കും പരാതിയുമായി നേരില്‍ വരാന്‍ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നതെന്നും ആരെങ്കിലും പരാതിയുമായി മുന്നോട്ടുവന്നാല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.