സൈബി ജോസിന് ആശ്വാസം; ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസ് അവസാനിപ്പിച്ചു

മതിയായ തെളിവുകളിലെന്ന കണ്ടെത്തൽ കോടതി അംഗീകരിക്കുകയായിരുന്നു.
സൈബി ജോസ്
സൈബി ജോസ്
Updated on

കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന കേസ് അവസാനിപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. അഡ്വ. സൈബി ജോസിനെതിരെ തെളിവുകളിലെന്ന കണ്ടെത്തൽ കോടതി അംഗീകരിക്കുകയായിരുന്നു.

റിപ്പോർട്ട് അംഗീകരിക്കാതിരിക്കാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. റിപ്പോർട്ടിലെ കണ്ടെത്തലുകൾ വസ്‌തുതാപരമാണെന്നും സൈബിക്കെതിരേ പരാതി നൽകിയ അഭിഭാഷകന് ഇയാളോട് വ്യക്തിവൈരാഗ്യം ഉള്ളതായി ബോധ്യപ്പെട്ടെന്നും കോടതി അംഗീകരിച്ചു.

സാക്ഷി മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോർട്ടിൽ അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നു. 194 സാക്ഷികളുടെ മൊഴിയെടുത്തതിൽ സൈബി ജോസിന്‍റെ കക്ഷികാളാരും കോഴ നൽകാന്‍ പണം നൽകിയതായി വെളിപ്പെടുത്തിയിട്ടില്ല. ആരോപണങ്ങൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

പരാതി ഉയർന്നതിന് പിന്നാലെ ഹൈക്കോടതി പ്രത്യേക സിറ്റി നടത്തിയാണ് സൈബിക്കെതിരായ കേസന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. പിന്നീട് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്നാൽ കേസിൽ സൈബിക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു.

അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതൽ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. കേസുകളില്‍ മുന്‍കൂര്‍ ജാമ്യവും അനുകൂല വിധിയും വാങ്ങി നല്‍കുമെന്ന് പറഞ്ഞ് കക്ഷികളുടെ കൈയില്‍ നിന്നും 72 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്ന ഗുരുതര ആരോപണമാണ് ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെ ഉണ്ടായിരുന്നത്.

കൊച്ചി സെൻട്രൽ പൊലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. ഹൈക്കോടതി രജിസ്ട്രാറർ ജനറൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. എന്നാൽ ജഡ്ജിക്ക് കൊടുക്കാന്‍ എന്ന നിലയില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും, കക്ഷികളുടെ കയ്യില്‍ നിന്ന് വാങ്ങിയത് അഭിഭാഷക ഫീസ് മാത്രമാണതെന്നുമാണ് ഹൈക്കോടതി വിജിലന്‍സിന് മുന്‍പാകെ സൈബി ജോസ് മൊഴി നല്‍കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com