കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വര്‍ഷങ്ങള്‍ക്ക് മുന്നേ റിപ്പോര്‍ട്ട് കിട്ടിയിട്ടും എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. ബലാത്സംഗത്തിനും പോക്‌സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള്‍ റിപ്പോര്‍ട്ടിലുണ്ട്. 4 വർഷമായിട്ടും റിപ്പോർട്ടിന്‍മേൽ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. 2021 ലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുന്നത്. ഇത്ര വര്‍ഷമായിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ചോദിച്ച കോടതി, നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും പറഞ്ഞു. സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കിയപ്പോൾ, സിനിമാ നയം രൂപീകരിക്കുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരമാണോ എന്നും ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ച് ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് ക്രിമിനല്‍ നടപടി സ്വീകരിച്ചില്ലെന്നും കോടതി ചോദിച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ നടപടിയെടുക്കാത്തത് അംഗീകരിക്കാനാകില്ല. സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ നടപടിയെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരു കുറ്റകൃത്യം നടന്നുവെന്ന് അറിഞ്ഞാല്‍ കണ്ണടച്ചിരിക്കാന്‍ സര്‍ക്കാരിന് കഴിയുമോ . അന്വേഷണത്തിന് എന്താണ് തടസമെന്നും കോടതി ചോദിച്ചു.
മുദ്ര വെച്ച കവറിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിനു റിപ്പോര്‍ട്ട് അതേപടി കൈമാറണമെന്നും കോടതി ഉത്തരവിട്ടു. തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കും. എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുത്. ഓഡിയോ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമാണെങ്കില്‍ അതും ഹാജരാക്കണം. എഫ്‌ഐആര്‍ വേണോയെന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്വേഷണ സംഘം തീരുമാനിക്കണം. റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത പ്രത്യേക അന്വേഷണ സംഘം സൂക്ഷിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി ഉത്തരവിട്ടു.