
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം: തർക്കങ്ങൾ പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി
file image
ഇരിങ്ങാലക്കുട: ഏറെ വിവാദമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി. ഇതോടെ ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിന്‍റെ നിയമനത്തിനുള്ള തടസവും ഹൈക്കോടതി നീക്കിയതായി കൂടൽമാണിക്യം ദേവസ്വം ഭരണസമിതി വ്യക്തമാക്കി.
അനുരാഗിനെ കഴകം തസ്തികയിലേക്ക് നിയമിക്കുന്നതിനായുള്ള അഡ്വൈസ് മെമ്മോ ഉടൻ അയക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അറിയിച്ചു. ഹൈക്കോടതി വിധിയെ തുടർന്ന് ശനിയാഴ്ച ചേർന്ന അടിയന്തിര ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം.
കൂടൽമാണിക്യത്തിലെ കഴക നിയമനം പാരമ്പര്യ അവകാശമാണോ, ആചാരപരമായ പ്രവൃത്തിയാണോ തുടങ്ങിയ വിഷയങ്ങളെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു തീരുമാനിക്കേണ്ടത് സിവിൽ കോടതിയുടെ പരിധിയിലാണ് വരുന്നത്. അതിനാൽ തന്നെ വിഷയത്തിന്‍റെ വിപുലമായ നിയമവശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതു സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. പാരമ്പര്യ അവകാശികളായ തെക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണൻ നൽകിയതുൾപ്പെടെയുള്ള ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
ക്ഷേത്രത്തിൽ തന്ത്രിമാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് ആദ്യം നിയമിതനായ റാങ്ക് ലിസ്റ്റിലെ ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവെച്ച ഒഴിവിലായിരുന്നു ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് അവസരം ലഭിച്ചത്. എന്നാൽ അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും കേസ് ഹൈക്കോടതി പരിഗണനയിൽ ആയിരുന്നതിനാൽ ഇപ്പോഴും നിയമനം കാത്തിരിക്കുകയാണ് അനുരാഗ്.
അതേസമയം അനുരാഗിന്‍റെ നിയമനം സിവിൽ കോടതിയുടെ വിധിക്ക് വിധേയമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ പരാതിക്കാർ സിവിൽ കോടതിയെ സമീപിച്ചാലും നിലവിൽ അനുരാഗിന്‍റെ നിയമനത്തെ അത് ബാധിക്കില്ലെന്നാണ് കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളുടെ വിശദീകരണം.