ആനയെഴുന്നള്ളത്ത്, തേങ്ങയുരുട്ടൽ...: ആചാരമല്ലെങ്കിൽ നിർബന്ധമെന്തിന്! | Video

ക്ഷേത്രാചാരങ്ങൾ സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ രണ്ട് നിർണായക നിരീക്ഷണങ്ങൾ- ഒന്ന് ശബരിമല മാളികപ്പുറം ക്ഷേത്രത്തെക്കുറിച്ചും, രണ്ടാമത്തേത് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തെക്കുറിച്ചും
ആനയെഴുന്നള്ളത്ത്, തേങ്ങയുരുട്ടൽ...: ഇല്ലാത്ത ആചാരം, നിർബന്ധമെന്തിന്? Kerala High Court verdicts on Temple rituals
ആനയെഴുന്നള്ളത്ത്, തേങ്ങയുരുട്ടൽ...: ആചാരമല്ലെങ്കിൽ നിർബന്ധമെന്തിന്!
Updated on

പ്രത്യേക ലേഖകൻ

ക്ഷേത്രാചാരങ്ങൾ സംബന്ധിച്ച് നിർണായകമായ രണ്ട് നിരീക്ഷണങ്ങളാണ് കേരള ഹൈക്കോടതി വ്യാഴാഴ്ച പുറപ്പെടുവിച്ചത്. ഒന്ന് ശബരിമലയിലെ മാളികപ്പുറം ക്ഷേത്രത്തെ സംബന്ധിച്ചും, രണ്ടാമത്തേത് തൃപ്പൂണിത്തുറയിലെ പൂർണത്രയീശ ക്ഷേത്രോത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ചും.

മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപ്പൊടി വിതറുന്നതൊന്നും ആചാരത്തിന്‍റെ ഭാഗമല്ലെന്നാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കുന്നത്. ശബരിമല തന്ത്രിയും ഇതു പറഞ്ഞിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ചില ഭക്തർ തേങ്ങയുരുട്ടുന്നതും മഞ്ഞൾപ്പൊടി വിതറുന്നതും മറ്റു ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. ഇവിടെ വസ്ത്രങ്ങൾ എറിഞ്ഞു കളയുന്നതു നിർത്തലാക്കണമെന്നും കോടതി പറയുന്നു. ശബരിമലയിൽ വ്ലോഗർമാർ വീഡിയോ ചിത്രീകരണം നടത്തുന്നതിനും നിയന്ത്രണം വേണം.

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ 15 ആനകളെ എഴുന്നള്ളിക്കാൻ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കവേയാണ് രണ്ടാമത്തെ സുപ്രധാന നിരീക്ഷണം വന്നത്. എഴുന്നള്ളത്തിന് ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്ന നിബന്ധനയിൽ ഇളവ് തേടിയാണ് ക്ഷേത്രം ഭാരവാഹികൾ കോടതിയെ സമീപിച്ചത്. നിബന്ധന പാലിച്ചാൽ ഒമ്പത് ആനകളെ മാത്രമേ എഴുന്നള്ളിക്കാൻ സാധിക്കൂ എന്നും, 15 ആനകളെ എഴുന്നള്ളിക്കണമെന്നുമായിരുന്നു ഭാരവാഹികളുടെ വാദം.

എന്നാൽ, 15 ആനകളെ തന്നെ എഴുന്നള്ളിക്കണമെന്നത് ഏത് ആചാരത്തിന്‍റെ ഭാഗമാണെന്നു കോടതി ചോദിച്ചു. ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്നു വ്യവസ്ഥ വച്ചിരിക്കുന്നത് ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ്. അതിൽ ഇളവ് നൽകാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആനകളെ എഴുന്നള്ളിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പക്ഷേ, ദൂരപരിധി കർക്കശമായി പാലിച്ചിരിക്കണമെന്നും കോടതി.

ശബരിമല പോലെയുള്ള ക്ഷേത്രങ്ങളിൽ ഇങ്ങനെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആവശ്യമായ ബോധവത്കരണം നടത്തണമെന്ന നിർദേശവും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. അതേസമയം, എഴുന്നള്ളത്തിനുള്ള നിബന്ധനകളിൽ ഇളവില്ലെന്ന കോടതി നിലപാട് സംസ്ഥാനത്തുടനീളമുള്ള ഉത്സവപ്രേമികളെ വ്യാപകമായി ബാധിച്ചേക്കും. തൃപ്പൂണിത്തുറയിൽ അനുവദിക്കാത്ത ഇളവ് തൃശൂർ പൂരത്തിനും ആറാട്ടുപുഴ പൂരത്തിനുമൊന്നും പ്രതീക്ഷിക്കാനാവില്ല. കുടമാറ്റം പോലെ പതിനായിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന പരിപാടികളെ ഇതു ബാധിക്കുമെന്നാണ് പൂരപ്രേമികളുടെ ആശങ്ക.

ആനയെഴുന്നള്ളിപ്പിന് കോടതി ഏർപ്പെടുത്തിയ നിയന്ത്രണം മറികടക്കാൻ ചട്ടം ഭേദഗതി ചെയ്യണമെന്നാണ് തൃശൂരെ രാഷ്ട്രീയ നേതാക്കൾ പോലും ആവശ്യപ്പെടുന്നത്. കോടതി വിധി നടപ്പാക്കിയാൽ തൃശൂർ പൂരം നടത്താൻ സാധിക്കാത്ത സാഹചര്യമുണ്ടാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com