

സർക്കാരിന് ഹൈക്കോടതി വിമർശനം
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് സർക്കാരിന് കോടതിയുടെ രൂക്ഷവിമർശനം. കേസിൽ ആരോപണവിധേയരായവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. അഴിമതി കേസിൽ ഉൾപ്പെട്ട ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ രതീഷ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ വിസമ്മതിക്കുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്.
സാധാരണ ഇടതുപക്ഷ സർക്കാരുകൾ അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന ധാരണയ്ക്ക് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും കോടതി പറഞ്ഞു. വിഷയത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചു. അഴിമതി കേസിലെ പ്രതികൾക്കെതിരേ സിബിഐ നേരെത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഇവർക്കെതിരേ അഴിമതി നിരോധന നിയമം ചുമത്തണമെങ്കിൽ സർക്കാരിന്‍റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. പക്ഷേ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. ഇതിനെതിരേ കേസിലെ പരാതിക്കാരനായ കടകംപ്പളളി മനോജ് നൽകിയ ഹർജി കോടതി പരിഗണിച്ചത്.