
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി കർശന നടപടികൾ വേണം; ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
file
കൊച്ചി: തെരുവുനായകളെ നിയന്ത്രിക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ‍്യപ്പെട്ട് നിയമ വിദ‍്യാർഥിനി കീർത്തന സരിൻ നൽകിയ ഹർജി തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് അധ‍്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ‍്യാപിക്കാൻ സാധിക്കുമോ എന്ന കാര‍്യത്തിൽ സർക്കാർ നിലപാട് വ‍്യക്തമാക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു നഷ്ടപരിഹാരം നൽകാൻ കഴിയുമോയെന്ന കാര‍്യത്തിലും തദ്ദേശ സ്വയംഭരണ വകുപ്പും വിശദീകരണം നൽകണം.
മേയ് 31ന് ഹർജിക്കാരിക്ക് തെരുനായയുടെ കടിയേറ്റിരുന്നു. തുടർന്ന് നായകളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് ആവശ‍്യപ്പെട്ട് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടാവാത്തതിനെത്തുടർന്നാണ്, തെരുവുനായ്ക്കളുടെ വന്ധ‍്യംകരണം ഉൾപ്പെടെയുള്ള നടപടികൾക്ക് ആവശ‍്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.