
ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ
ഫയൽ ഫോട്ടൊ
തിരുവനന്തപുരം: തടവുകാർക്ക് പരോൾ നൽകുന്ന കാര‍്യത്തിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കരുതെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയ്ക്ക് സംസ്ഥാന സർക്കാരിന്‍റെ നിർദേശം. ഇക്കാര‍്യം ചൂണ്ടിക്കാട്ടി ആഭ‍്യന്തര സെക്രട്ടറി ജയിൽ മേധാവിക്ക് കത്തയച്ചു. പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവി പരോൾ അനുവദിച്ചുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.
വിസ്മയ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി തടവു ശിക്ഷ അനുഭവിച്ചു വന്നിരുന്ന പ്രതി കിരൺ ഉൾപ്പെടെയുള്ളവർക്ക് പരോൾ അനുവദിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഈ സാഹചര‍്യത്തിലാണ് സ്വന്തം നിലയ്ക്ക് പരോൾ നൽകരുതെന്ന് ആഭ‍്യന്തര സെക്രട്ടറി സർക്കാരിനു വേണ്ടി നിർദേശം നൽകിയത്.
പൊലീസ് റിപ്പോർട്ട് എതിരായാൽ ജയിൽ ഉപദേശക സമിതിയുടെ പരിഗണനയ്ക്ക് വിടണമെന്നും മൂന്നു തവണയിൽ കൂടുതൽ പൊലീസ് റിപ്പോർട്ട് എതിരായാൽ ജില്ലാ കലക്റ്റർ അധ‍്യക്ഷനായ പുനപരിശോധന കമ്മിറ്റിക്ക് വിടണമെന്നും ജയിൽ മേധാവിക്ക് അയച്ച കത്തിൽ പറയുന്നു.