കൊച്ചി, കുമരകം, കോവളം, മൂന്നാർ; ഹോം സ്റ്റേ പ്രോത്സാഹനത്തിന് കെ ഹോം പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റിലാണ് പ്രഖ‍്യാപനം. പദ്ധതിക്കായി 5 കോടി രൂപ അനുവദിച്ചു. ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളുടെ പത്തു കിലോമീറ്റർ ചുറ്റളവിലായിരിക്കും പദ്ധതി ആദ‍്യം നടപ്പിലാക്കുക. പദ്ധതി വിലയിരുത്തിയതിന് ശേഷം സംസ്ഥാന വ‍്യാപകമായി നടപ്പിലാക്കുമെന്ന് മന്ത്രി വ‍്യക്തമാക്കി.
സംസ്ഥാനത്ത് ആൾതാമസമില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന ഭവനങ്ങൾ വിനോദ സഞ്ചാരികൾക്ക് താമസ സൗകര‍്യമൊരുക്കുന്നതിനായി നൽകുന്നതാണ് പദ്ധതി. വീട് ഉടമകൾക്ക് വരുമാനത്തിന് പുറമേ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും ഈ പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ കഴിയും. സമാന പദ്ധതി ലോകത്ത് പലയിടത്തും വിനോദ സഞ്ചാര രംഗത്ത് നടപ്പാക്കുന്നുണ്ട്. ഇത്തരം മാതൃകകൾ പിന്തുടർന്നുകൊണ്ടാണ് സംസ്ഥാനം കെ ഹോം പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്.