

കേരള കുംഭമേളയ്ക്ക് തിങ്കളാഴ്ച തുടക്കം; ഒരുക്കം വൻ സുരക്ഷയിൽ, പ്രവേശനം ദേഹ പരിശോധനയ്ക്ക് ശേഷം
പാലക്കാട്: കേരള കുംഭമേളയ്ക്ക് തിങ്കളാഴ്ച തിരുനാവായയിൽ തുടക്കമാകും. രാവിലെ പതിനൊന്നു മണിയോടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർക്കലേക്കർ കൊടിയുയർത്തും. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാർ നിളാ സ്നാനത്തിനായി തിരുനാവായയിൽ എത്തും. ഫെബ്രുവരി മൂന്ന് വരെയാണ് മഹാമാഘ ഉത്സവം എന്ന പേരിൽ കുംഭമേള നടക്കുന്നത്.
തമിഴ്നാട്ടിലെ ത്രിമൂർത്തി മലയിൽനിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും നാളെ തിരുനാവായയിലേക്കു പുറപ്പെടും. ഞായറാഴ്ച മൗനി അമാവാസി ദിനത്തിൽ തിരുനാവായയിൽ കാലചക്രം - ബലി എന്ന പൂജ നടക്കും. തിങ്കളാഴ്ച മുതൽ നവകോടി നാരായണ ജപാർച്ചന തുടങ്ങും. ക്ഷേത്രങ്ങളിൽനിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികൾക്കു മാഘവൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നൽകും.
കേരള കുംഭമേളയ്ക്ക് റവന്യൂ വകുപ്പും പൊലീസും ചേർന്ന് വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ 9 തഹസിൽദാർമാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചു. 300 പൊലീസ് സേനാംഗങ്ങൾ ഇവിടെ എത്തും. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുമുണ്ടാകും. ദേഹ പരിശോധന നടത്തിയാണ് യഞ്ജശാലയിലേക്കും ക്ഷേത്ര പരിസരത്തേക്കും ആളുകളെ കടത്തിവിടുക.
കേരള കുംഭമേളയ്ക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറോളം സർവീസുകൾ നടത്താൻ കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെൽ വഴിയാണ് സർവീസുകൾ നടത്തുന്നത്. ഇതിൽ 55 സർവീസുകളിലേക്കുള്ള ആളുകളുടെ ബുക്കിങ് പൂർത്തിയായി. എല്ലാ ഡിപ്പോകളിൽനിന്നും സർവീസുകളുണ്ടാകും.