
#എം.ബി. സന്തോഷ്
തിരുവനന്തപുരം: സംസ്ഥാനത്തിന് ഒരു വന്ദേഭാരത് എക്സ്പ്രസ് കൂടി അനുവദിച്ചേക്കും. നാഗർകോവിലിൽ അറ്റകുറ്റപ്പണികൾ ചെയ്യത്തക്ക വിധമാണ് പുതിയ ട്രെയ്നിന്റെ ക്രമീകരണം. ഇതിനുള്ള ശുപാർശ റെയ്ൽവേ ഡിവിഷണൽ ഓഫിസിൽ നിന്ന് സമർപ്പിച്ചു കഴിഞ്ഞു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ഉദ്ദേശിച്ചാണ് നടപടി. കന്യാകുമാരി മണ്ഡലം തിരിച്ചു പിടിക്കുകയും, തിരുവനന്തപുരം പിടിച്ചെടുക്കുകയും ലക്ഷ്യമിട്ടാണ് ബിജെപിയുടെ കരുനീക്കം.
കന്യാകുമാരിയിൽ നിന്നോ നാഗർകോവിലിൽ നിന്നോ ബംഗളൂരുവിലേക്കോ ചെന്നൈയിലോ പുതിയ വന്ദേഭാരത് ഓടിക്കാനാണ് ആലോചന. ബംഗളൂരുവിനാണ് മുൻഗണനയെങ്കിലും ചെന്നൈയും പരിഗണനയിലുണ്ട്. അതിനിടെ, ബിജെപി തമിഴ്നാട് ഘടകം തിരുനെൽവേലി വഴി ചെന്നൈയ്ക്കായി സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന് കേരളം വഴിയുള്ള രണ്ടാം വന്ദേഭാരതാണ് താത്പര്യം. കർണാടക നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ സ്വാധീനവും അന്തിമ തീരുമാനത്തെ സ്വീധിനിച്ചേക്കാം.
കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ഇക്കുറി പിടിച്ചെടുത്തേ മതിയാവൂ എന്ന നിലപാടാണ് ബിജെപി ദേശീയ നേതൃത്വത്തിന്റേത്. ജില്ലയിലെ നേമത്തു നിന്നുള്ള ഏക നിയമസഭാംഗം നഷ്ടമായ നാണക്കേടിൽ നിന്ന് കര കയറാൻ തിരുവനന്തപുരം ഉൾപ്പെടെ പാർലമെന്റ് മണ്ഡലങ്ങളിൽ വിജയിച്ചേ തീരൂ. അതിന് റെയ്ൽവേ വികസനം ഉയർത്തി പ്രചാരണം നടത്താനാവും എന്നാണ് കണക്കുകൂട്ടൽ.
കേരളത്തിലെ ആദ്യ വന്ദേഭാരതിന് ലഭിച്ച വ്യാപക സ്വീകരണമാണ് രണ്ടാം വന്ദേഭാരതിനെക്കുറിച്ച് അടിയന്തരമായി ആലോചിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. നേമം, കൊച്ചുവേളി, നാഗർകോവിൽ, കന്യാകുമാരി സ്റ്റേഷനുകളുടെ വികസന നടപടികളും വേഗത്തിലാക്കി ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൂർത്തിയാക്കുകയാണ് ഉദ്ദേശ്യം. തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാന് ഉടൻ 4 വന്ദേഭാരത് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു കഴിഞ്ഞു.
രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം- കാസർഗോഡ് റൂട്ടിലേതാണെന്നു വ്യക്തമായതിനാൽ കേരളത്തിൽ ഒരു വന്ദേഭാരത് കൂടി അനുവദിക്കാൻ ഉദ്യോഗസ്ഥർക്കും താത്പര്യമാണ്. 2.7 കോടി രൂപയാണ് വന്ദേഭാരതിന്റെ കേരളത്തിലെ ആദ്യ ആഴ്ചയിലെ വരുമാനം. അതേസമയം, ബിലാസ്പുർ – നാഗ്പുർ, അജ്മേർ – ഡൽഹി റൂട്ടുകളിലെ വന്ദേഭാരതിൽ പകുതിയോളം യാത്രക്കാരേയുള്ളൂ.
കന്യാകുമാരിയിലും ജയം ലക്ഷ്യം
കന്യാകുമാരിയിൽ നിന്നു വിജയിച്ച് കേന്ദ്രമന്ത്രിയായ ബിജെപി നേതാവ് പൊൻ രാധാകൃഷ്ണനെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വസന്ത് കുമാറാണ് തോൽപിച്ചത്. കൊവിഡിനെ തുടർന്ന് എംപി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകനും നടനുമായ വിജയ് വസന്ത് സ്ഥാനാർഥിയായി. തുടർച്ചയായ രണ്ടാം തോൽവിയാണ് അപ്പോൾ പൊൻ രാധാകൃഷ്ണന് നേരിടേണ്ടി വന്നത്. തമിഴ്നാട്ടിലെ ബിജെപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ കന്യാകുമാരി ഇത്തവണ എങ്ങനെയും തിരിച്ചുപിടിക്കാനാണ് ബിജെപിയുടെ പോരാട്ടം.
സംസ്ഥാനത്തെ 4 ബിജെപി എംഎൽഎമാരിൽ രണ്ടുപേരും ഈ മേഖലയിൽ നിന്നാണ്. നാഗർകോവിലിൽ എം.ആർ ഗാന്ധിയും തിരുനെൽവേലിയിൽ നയ്നാർ നാഗേന്ദ്രനും. പദ്മനാഭപുരത്തും ബിജെപി മുമ്പു വിജയിച്ചിട്ടുണ്ട്. കന്യാകുമാരി കോർപ്പറേഷനിൽ ബിജെപിക്ക് 11 അംഗങ്ങളുണ്ട്. ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ 20 സീറ്റുകളും ടൗൺ പഞ്ചായത്തുകളിൽ 170ഓളം മെംബർമാരും പാർട്ടിക്കുണ്ട്.