കേരളത്തിൽ ലോക്‌സഭാ സീറ്റ് കുറയും, യുപിയിൽ കൂടും

ജനസംഖ്യ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനങ്ങളിൽ സീറ്റ് കുത്തനെ കുറയും, നിയന്ത്രണമില്ലാത്ത സംസ്ഥാനങ്ങളിൽ കൂടും
Representative map
Representative map

സ്വന്തം ലേഖകൻ

വനിതാ സംവരണ ബിൽ പാർലമെന്‍റ് പാസാക്കിയ പശ്ചാത്തലത്തിൽ മണ്ഡല പുനർനിർണയം സജീവ ചർച്ചാവിഷയമാകുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തെയും മണ്ഡലാതിർത്തികൾ പുനർനിർണയിച്ച ശേഷമായിരിക്കും വനിതാ സംവരണ മണ്ഡലങ്ങൾ തീരുമാനിക്കുക. എന്നാൽ, മണ്ഡല പുനർനിർണയ പ്രക്രിയ ദക്ഷിണേന്ത്യക്ക് കടുത്ത ആശങ്കകളാണ് നൽകുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ 81ാം അനുച്ഛേദം അനുസരിച്ച്, ഓരോ സംസ്ഥാനത്തിന്‍റെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കണം ഏറെക്കുറെ തുല്യമായ വലുപ്പത്തിൽ ലോക്‌സഭാ മണ്ഡലങ്ങൾ അനുവദിക്കേണ്ടത്.

ഇത്തരത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുമ്പോൾ, ജനസംഖ്യാ നിയന്ത്രണം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റ് കുറയുകയും, ജനസംഖ്യാ വർധന നിർബാധം തുടരുന്ന ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ വർധിക്കുകയും ചെയ്യും. പാർലമെന്‍റ് അംഗങ്ങളുടെ കാര്യത്തിൽ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ അപ്രമാദിത്വം വർധിക്കാനും ഇതിടയാക്കും.

ഉദാഹരണത്തിന്, ഉത്തർ പ്രദേശിലും ബിഹാറും ഇപ്പോൾ ഒരു സ്ത്രീക്ക് ശരാശരി മൂന്നിനു മുകളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. ദേശീയ ശരാശരിയും രണ്ട് കുട്ടികൾക്കു മുകളിലാണ്. അതേസമയം, തമിഴ്‌നാട്ടിലും കേരളത്തിലും ഇത് ഒന്നരയ്ക്ക് അടുത്തു മാത്രവും.

ഇത്തരത്തിൽ ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കുമ്പോൾ കേരളത്തിലെ 20 സീറ്റ് 12 ആയി കുറയുമെന്നാണ് സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് ചെയ്യുന്നത്. വനിതാ ബിൽ നടപ്പാകുന്നതോടെ ഈ 12 സീറ്റിൽ നാലെണ്ണം സ്ത്രീകൾക്കു സംവരണം ചെയ്യപ്പെടുകയും ചെയ്യും.

തമിഴ്‌നാട്ടിലെ 39 സീറ്റ് 31 ആയും ആന്ധ്ര പ്രദേശിലെ 42 സീറ്റ് 34 സീറ്റായും കുറയും. അതേസമയം, ഉത്തർ പ്രദേശിൽ എട്ടും ബിഹാറിൽ ആറും രാജസ്ഥാനിൽ അഞ്ചും മധ്യ പ്രദേശിൽ മൂന്നും സീറ്റ് കൂടും.

സെൻസസ് പൂർത്തിയാക്കി അതിന്‍റെ അടിസ്ഥാനത്തിൽ പുനർനിർണയം നടത്തുമ്പോൾ വ്യത്യാസം കൃത്യമായി ഇങ്ങനെ തന്നെയാവണമെന്നില്ലെങ്കിലും, ഏറ്റക്കുറച്ചിലുകളുടെ തോത് ഈ രീതിയിൽ തന്നെയായിരിക്കും എന്നുറപ്പാണ്.

ഒഡീഷ, പശ്ചിമ ബംഗാൾ, കർണാടക, ഹിമാചൽ പ്രദേശ് പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയാണ് സീറ്റ് കുറയാൻ സാധ്യതയുള്ള മറ്റു സംസ്ഥാനങ്ങൾ. മഹാരാഷ്‌ട്ര, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ കൂടും. അസം, ജമ്മു കശ്മീർ, ഛത്തിസ്ഗഡ്, ഡൽഹി എന്നിവിടങ്ങളിൽ മാറ്റം വരില്ലെന്നും പ്രൊജക്റ്റ് ചെയ്യുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com