കാലവർഷം വരും, എല്ലാം ശരിയാകും..!!

ചൂടു കൂടുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ആദ്യ പത്തിലേക്ക് കേരളവും
rain
rainfile

##പി.ബി. ബിച്ചു

തിരുവനന്തപുരം: പൊള്ളുന്ന വേനൽച്ചൂടിന് ആശ്വാസവുമായി സംസ്ഥാനത്ത് കാലവർഷമെത്തുമെന്ന് പ്രതീക്ഷ നൽകുകയാണ് കാലാവസ്ഥാ ഏജൻസികളും. കേരളത്തിൽ ഇത്തവണ സാധാരണയിൽ കൂടുതൽ കാലവർഷ മഴ ലഭിക്കാനുള്ള സാധ്യത തന്നെയാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ഔദ്യോഗിക കാലാവസ്ഥാ ഏജൻസികളുടെ കൂട്ടായ്മയായ സാസ്കോഫ് (സൗത്ത് ഏഷ്യൻ സീസണൽ ക്ലൈമറ്റ് ഔട്ട്ലുക്ക് ഫോറം) പ്രവചിച്ചിരിക്കുന്നത്.

പസഫിക്ക് സമുദ്രത്തിൽ നിലവിൽ തുടരുന്ന എൽനിനോ സാഹചര്യം കാലവർഷ ആരംഭത്തോടെ ന്യൂട്രൽ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ലാനിനയിലേക്കും മാറാൻ സാധ്യത. ഇതോടെ സംസ്ഥാനത്ത് നിലനിൽക്കുന്ന ചൂട് കാലാവസ്ഥയിലും രണ്ടാഴ്ചയ്ക്കുള്ളിൽ മാറ്റമുണ്ടാകും. ജൂൺ ആദ്യവാരം ആരംഭിക്കുന്ന കാലവർഷത്തിന് അനുകൂലമാണ് പ്രതിഭാസമെന്നാണ് വിലയിരുത്തൽ. നിലവിൽ ന്യൂട്രൽ സ്ഥിയിൽ തുടരുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ കാലവർഷത്തിന്‍റെ രണ്ടാം ഘട്ടത്തിൽ പോസിറ്റീവ് ഫേസിലെക്ക് മാറുന്നതും മൺസൂണിന് അനുകൂലമായേക്കാമെന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. നേരത്തെ വിവിധ സ്വകാര്യ കാലാവസ്ഥാ ഏജൻസികളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ആദ്യഘട്ട പ്രവചനവും കാലവർഷം ശക്തമാകുമെന്ന തരത്തിൽ തന്നെയാണ്.

അതേസമയം, വേനൽച്ചൂട് തുടരുന്നതിനിടെ ഇന്നലെ തെക്കൻ കേരളത്തിലും മലയോരങ്ങളിലും ഉച്ചയ്ക്കു ശേഷം നേരിയ തോതിൽ വേനൽമഴ പെയ്തത് ആശ്വാസമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇന്നലെ മഴ ലഭിച്ചത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴികെ മറ്റിടങ്ങളിൽ ഇന്നും വേനൽമഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതിനിടെ രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഇടം പിടിച്ചു. ഒന്നാമത് പശ്ചിമ ബംഗാളും രണ്ടാമതായി ഗുജറാത്തും നിലനിൽക്കുന്ന പട്ടികയിലാണ് 10ാമതായി കേരളത്തിൽ നിന്നും പാലക്കാട് എത്തിയിരിക്കുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിലെ താപനിലയാണ് പിന്നിലുണ്ടായിരുന്ന കേരളത്തെയും ആദ്യപത്തിലേക്ക് എത്തിച്ചത്. ആന്ധ്ര പ്രദേശ്, ഒഡിഷ, ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, മഹാരാഷ്‌ട്ര, ഹിമാചൽ പ്രദേശ് തുടങ്ങിയവയാണ് പട്ടികയിൽ 3 മുതൽ 9 വരെ സ്ഥാനങ്ങളിൽ.

കേരളത്തിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്കും പ്രഖ്യാപിച്ചു. പാലക്കാടിനും തൃശൂരിനും പുറമെ ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ കൂടി 3 ദിവസത്തേക്ക് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി. ആലപ്പുഴയിൽ രാത്രികാലത്തും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com