

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയായി. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴു ജില്ലകളിലാണ് വ‍്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. 38,994 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ് കടന്നതായാണ് ഒടുവിലത്തെ കണക്ക്. വയനാടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ ജില്ല. 75.85 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് ഒടുവിൽ പുറത്തു വരുന്ന വിവരം.
നൂറിലധികം ബൂത്തുകളിൽ യന്ത്രതകരാർ സംഭവിച്ചിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ചിരുന്നു. ഇത്തവണ തീരദേശ മേഖലകളിൽ കനത്ത പോളിങ് ഉണ്ടായില്ല. കോർപ്പറേഷനു പുറമെ മുനിസിപ്പാലിറ്റികളിലും സമാന സ്ഥിതി തന്നെയായിരുന്നു ഉണ്ടായത്.