

7 ജില്ലകളിൽ ഞായറാഴ്ച കൊട്ടിക്കലാശം.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്കെത്തിയതോടെ നാടും നഗരവും വോട്ടഭ്യർഥനയുടെ ആവേശത്തിൽ ആറാടുകയാണ്. പാതയിലൂടെ പായുന്ന അനൗൺസ്മെന്‍റ് വാഹനങ്ങളും നിരത്തുകൾക്ക് ഇരുവശവും നിറഞ്ഞ കൂറ്റൻ ഫ്ലക്സ് ബോർഡുകളും തെരഞ്ഞെടുപ്പ് പോരിന് മാറ്റുകൂട്ടുന്നു. പോസ്റ്ററുകൾ മാലകളാക്കിയും കാണുന്നിടത്തെല്ലാം ചിഹ്നം സ്ഥാപിച്ചും കൊട്ടിക്കലാശത്തിന് കോപ്പുകൂട്ടുകയാണ് പാർട്ടി പ്രവർത്തകരും അണികളും.
ഞായറാഴ്ച വൈകുന്നേരം ആറോടെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ കൊട്ടിക്കലാശം സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.
പൊതുജനത്തിന് മാർഗതടസം സൃഷ്ടിച്ചുകൊണ്ടുള്ള സമാപന പരിപാടികൾ പാടില്ലെന്നും പരസ്യ പ്രചാരണത്തിന്‍റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെന്‍റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ ജില്ലാ കലക്റ്റർമാർക്കും പൊലീസ് അധികൃതർക്കും തെരഞ്ഞെടുപ്പ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്.
പരസ്യപ്രചാരണത്തിന്‍റെ സമാപനത്തിലും മാതൃകാ പെരുമാറ്റച്ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണപൊതുതെരഞ്ഞെടുപ്പിനും ബാധകമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.