മന്ത്രി ഗണേഷ് കുമാർ
സംഘാടനത്തിൽ വീഴ്ച; മോട്ടോർ വാഹന വകുപ്പിന്‍റെ പരിപാടി ബഹിഷ്ക്കരിച്ച് ഗണേഷ് കുമാർ
തിരുവനന്തപുരം: സംഘാടനം മോശമാണെന്നാരോപിച്ച് മോട്ടോർ വാഹന വകുപ്പിന്‍റെ പരിപാടി ബഹിഷ്ക്കരിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് പരിപാടിയിൽ നിന്നാണ് മന്ത്രി ഇറങ്ങിപ്പോയത്.
പരിപാടി സംഘടിപ്പിക്കുന്നതിൽ സംഘാടകർക്ക് വീഴ്ചയുണ്ടായെന്നും ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ 52 വാഹനങ്ങൾ നിരത്തിയിട്ട് ഫ്ലാഗ് ഓഫ് ചടങ്ങിന് ഒരുക്കാനായിരുന്നു നിർദേശം നൽകിയിരുന്നത്. എന്നാൽ വാഹനങ്ങൾ വിവിധയിടങ്ങളിലായാണ് പാർക്ക് ചെയ്തിരുന്നത്.
കനകക്കുന്നിലെ പരിപാടിയില്‍ പങ്കെടുത്തത് തന്‍റെ പാർട്ടിക്കാരും കുറച്ച് ഉദ്യോഗസ്ഥരും മാത്രമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരോടും മാധ്യമപ്രവർത്തകരോടുമടക്കം ക്ഷമ ചോദിച്ച ശേഷമാണ് അദ്ദേഹം പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്. മറ്റൊരു ദിവസം പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.