
തിരുവനന്തപുരം: ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാൻ ഓർഡിനൻസ് ഇറക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിൽ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണനയ്ക്കെടുക്കാനും ധാരണയായി. എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓർഡിനൻസ് വിഭാവനം ചെയ്യുന്നത്.
ആരോഗ്യ സർവകലാശാലയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും ഇതിന്‍റെ കരട് തയാറാക്കുക. കരട് ഓർഡിനൻസ് നിയമ വകുപ്പും ആരോഗ്യ വകുപ്പും പരിശോധിച്ച ശേഷമായിരിക്കും അന്തിമ രൂപം നൽകുക.
ആശുപത്രികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് ഓർഡിനൻസ് ഇറക്കുന്നതു വരെ സമരം തുടരുമെന്ന് ഡോക്ടർമാരുടെ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സമരം ഒത്തുതീർപ്പാക്കാൻ സർക്കാരുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്.
കൊട്ടാരക്കരയിലെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു പൊലീസ് കൊണ്ടുവന്നയാൾ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന സാഹചര്യത്തിലാണ് ഓർഡിനൻസ് വിഷയം വീണ്ടും ചർച്ചാവിഷയമായിരിക്കുന്നത്.