എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

പി.സി. ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞേക്കും
എ.കെ. ശശീന്ദ്രൻ AK Saseendran
എ.കെ. ശശീന്ദ്രൻ
Updated on

തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ക്ലൈമാക്സിലേക്ക്. ശശീന്ദ്രനോടു മന്ത്രിസ്ഥാനം ഒഴിയണമെന്നു ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെടാനാണ് സാധ്യത. സമവായ ഫോര്‍മുലയുടെ ഭാഗമായി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് കൂടിയായ പി.സി. ചാക്കോ സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ തയാറായേക്കുമെന്നും സൂചനകളുണ്ട്.

മന്ത്രിസ്ഥാനത്തില്‍ മാറ്റമുണ്ടാകുമോയെന്നതടക്കം തീരുമാനങ്ങള്‍ക്കായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി മന്ത്രി എ.കെ ശശീന്ദ്രനും തോമസ് കെ. തോമസ് എംഎല്‍എയും മുംബൈയിലേക്ക്.പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ വിളിപ്പിച്ചതനുസരിച്ചാണ് ഇരുവരും മുംബൈയിലേക്ക് പോകുന്നത്. നാളെ രാവിലെ പതിനൊന്നരയ്ക്കാണ് നിര്‍ണായക കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെങ്കിലും മന്ത്രിസഭായോഗം നടക്കുന്നതില്‍ അസൗകര്യമുണ്ടെന്ന് എ.കെ. ശശീന്ദ്രന്‍ ചൂണ്ടിക്കാണിച്ചതിനെതുടര്‍ന്ന് നാളത്തേക്ക് മാറ്റുകയായിരുന്നു.

ശരദ് പവാര്‍ ജനാധിപത്യപരമായി ഇടപെടുമെന്നാണ് കരുതുന്നതെന്ന് എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോയും ചര്‍ച്ചയില്‍ പങ്കെടുക്കും. മന്ത്രിസ്ഥാനം ഒഴിയില്ലെന്നും പാര്‍ലമെന്‍റ് ജീവിതത്തില്‍ നിന്നു മാന്യമായ വിരമിക്കല്‍ ആവശ്യമാണെന്നുമാണ് ശശീന്ദ്രന്‍റെ നിലപാട്.

മന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ പാര്‍ട്ടിയില്‍ ഇല്ലെന്നും ശശീന്ദ്രന്‍ വാദിക്കുമ്പോള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന് പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നു എന്നാണ് കുട്ടനാട് എംഎല്‍എയായ തോമസ് കെ. തോമസ് പറയുന്നത്. അടുത്തിടെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗം എ.കെ ശശീന്ദ്രന് പകരം തോമസിനെ മന്ത്രിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.

അതിനിടെ, എറണാകുളം ഗസ്റ്റ് ഹൗസില്‍ ശശീന്ദ്രനും തോമസ് കെ.തോമസുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നറിപ്പോര്‍ട്ടുകളും ഇന്നലെ പുറത്ത് വന്നു. തിരുവോണത്തിനു തലേദിവസമായിരുന്നു ഇരുവരും കണ്ടത്. കൂടിക്കാഴ്ച എ.കെ. ശശീന്ദ്രന്‍ നിഷേധിച്ചെങ്കിലും ശശീന്ദ്രനെ കണ്ടുവെന്നും മന്ത്രിസ്ഥാനം വച്ചുമാറുന്നത് സംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നും തോമസ് കെ.തോമസ് പറഞ്ഞു. പാര്‍ട്ടിയില്‍ ശശീന്ദ്രനു നല്ലൊരു പദവി നല്‍കി മന്ത്രിസ്ഥാനത്തുനിന്നു മാറ്റുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളും എന്‍സിപിയില്‍ സജീവമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com