വീണ്ടും മാസ്ക് അണിയേണ്ടി വരുമോ കേരളം?

ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നതിനാൽ ഒരു പനിയും നിസാരമായി കാണരുതെന്ന് ഡോക്റ്റർമാർ. പനിയുള്ളവരിൽ കാണപ്പെടുന്ന തൊണ്ട വേദന കൊവിഡിന്‍റെ ലക്ഷണമാണോ എന്നും സംശയം.
Family wearing face masks, representative image.
Family wearing face masks, representative image.Image by pikisuperstar on Freepik

തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപകമാവുന്നു. കൊവിഡ് വീണ്ടും സംസ്ഥാനത്ത് മരണത്തിനിടയാക്കിയ സാഹചര്യത്തിൽ മാസ്കിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

തൊണ്ട വേദന, മസിൽ വേദന, ക്ഷീണം എന്നിവയാണ് പനിയുടെ ലക്ഷണം. ഇത് മിക്കവാറും വൈറൽ പനിയായാണ് കാണപ്പെടുന്നത്. ഡെങ്കിപ്പനിയും എലിപ്പനിയും സംസ്ഥാനത്ത് കാണപ്പെടുന്നതിനാൽ ഒരു പനിയും നിസാരമായി കാണരുതെന്നാണ് ഡോക്റ്റർമാരുടെ മുന്നറിയിപ്പ്.

പനിയുമായി വരുന്നവരിൽ കാണപ്പെടുന്ന തൊണ്ട വേദന കൊവിഡിന്‍റെ ലക്ഷണമാണോ എന്നും സംശയമുണ്ട്. എന്നാൽ, അത് വലിയ തോതിൽ പടരുകയോ ഗുരുതരമാവുകയോ ചെയ്യുന്നില്ല എന്നതാണ് ആശ്വാസം.

കൊവിഡ് വാക്സിൻ എടുത്തവർക്കാണ് പനിയും ചുമയും മാറാതെ തുടരുന്നതെന്നും അപകടകരമാവുന്നതെന്നും പ്രചാരണമുണ്ട്. ഇതിന് ഒരു അടിസ്ഥാനവുമില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ മെഡിസിൻ വിഭാഗത്തിലെ പ്രമുഖ ഡോക്റ്റർ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം 4 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച മാത്രം 302 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ നിലവിൽ 1,523 കൊവിഡ് ആക്റ്റീവ് കേസുകളുണ്ട്. രാജ്യത്ത് ഈ മാസം ഇതുവരെ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 9 മരണവും കേരളത്തിലാണ്. ഇന്ത്യയിൽ നിലവിൽ 1,701 ആക്റ്റീവ് കൊവിഡ് കേസുകളുണ്ട്. സംസ്ഥാനത്ത് പ്രതിദിനം 700 മുതൽ 1,000 വരെ കൊവിഡ് പരിശോധനകൾ നടത്തുമ്പോൾ, രാജ്യത്തെ ഏറ്റവും ഉയർന്ന പരിശോധനാ നിരക്ക് റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനവും കേരളമാണ്.

ജെഎൻ-1 ഉപവകഭേദം: ആശങ്ക വേണ്ടെന്ന് മന്ത്രി

സംസ്ഥാനത്ത് കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയത് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനിതക ശ്രേണീകരണ പരിശോധയിലാണ് ജെഎൻ-1 ഉപവകഭേദം കണ്ടെത്തിയത്. മാസങ്ങൾക്കു മുമ്പ് സിംഗപ്പുർ എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരെ ജീനോമിക് സീക്വൻസിങിന് വിധേയരാക്കിയപ്പോൾ ഈ ഉപ വകഭേദം കണ്ടെത്തിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തു മറ്റ് ഭാഗങ്ങളിൽ ഈ വകഭേദം നേരത്തേയുണ്ട്. കേരളത്തിന്‍റെ ആരോഗ്യസംവിധാനങ്ങൾ മികച്ചതായതുകൊണ്ട് ജനിതക ശ്രേണീകരണത്തിലൂടെ അത് ഇവിടെ കണ്ടെത്തി എന്നു മാത്രമേയുള്ളൂ. വളരെ സൂക്ഷ്മമായി നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നു. അനുബന്ധ രോഗങ്ങളുള്ളവർ ശ്രദ്ധ പുലർത്തണം.

തിരുവനന്തപുരത്ത് കരകുളത്തു നിന്ന് ശേഖരിച്ച കൊവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപ വകഭേദം കണ്ടെത്തിയത്. സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകള്‍ സ്ഥിരമായി പരിശോധിക്കുന്നുണ്ട്. ഇതിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com