ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം

ദേശീയപാതാ അഥോറിറ്റി പൊതുവിൽ നല്ല പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും ചില മേഖലകളിൽ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി
ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം | Kerala NH construction

ദേശീയപാതയിലെ അണ്ടർപാസ് നിർമാണം.

Representative image

Updated on

തിരുവനന്തപുരം: സാങ്കേതിക കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പാതയുമായി ബന്ധപ്പെട്ടു ചേർന്ന റിവ്യൂ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാതാ അഥോറിറ്റി പൊതുവിൽ നല്ല പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും ചില മേഖലകളിൽ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്കു നടത്തുന്ന കരാറുകാർക്കെതിരേ കർശന നടപടിയിലേക്കു നീങ്ങണമെന്നു മുഖ്യമന്ത്രി ദേശീയപാതാ അധികൃതരോട് ആവശ്യപ്പെട്ടു.

കണ്ണൂർ ജില്ലയിലെ നടാലിൽ ബസുകൾക്കു കൂടി സഞ്ചരിക്കുന്ന വിധത്തിൽ അടിപ്പാത നിർമിക്കേണ്ടതുണ്ട്. അവിടെ ബസുടമകൾ മാത്രമല്ല നാട്ടുകാരും പ്രതിഷേധത്തിലാണ്. ചാല വരെ സഞ്ചരിച്ച് ബസ് തിരിച്ചുവരേണ്ടിവരുന്ന അവസ്ഥയാണ്. ഇതു പ്രത്യേക കേസായി പരിഗണിച്ചു നടപടി സ്വീകരിക്കണം.

നിർമാണ പ്രവൃത്തിക്കു തടസമുണ്ടാകരുത്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട ജില്ലാ കലക്റ്ററും പൊലീസ് മേധാവിയും മുൻകൈയെടുക്കണം. കേരളത്തിന്‍റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്തു വേണം പ്രവൃത്തികൾ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർബിട്രേഷൻ സമയബന്ധിതമായി തീർക്കാനുള്ള നടപടികൾ സ്വീകരിക്കണം. 17 സ്ട്രച്ചുകളിലായി മൊത്തം 642 കിലോമീറ്റർ റോഡിന്‍റെ പൂർത്തീകരണ തിയതിയും യോഗത്തിൽ ചർച്ചയായി. 480 കിലോമീറ്റർ ഡിസംബറോടെയും ആകെ 560 കിലോമീറ്റർ 2026 മാർച്ചിലും പൂർത്തിയാകും. കാസർഗോഡ് ജില്ലയിൽ 83 കിലോമീറ്ററിൽ 70 കിലോമീറ്റർ പൂർത്തിയായി. കണ്ണൂർ 65ൽ 48 കി.മീ, കോഴിക്കോട് 69ൽ 55 കി.മീ, മലപ്പുറം 77ൽ 76 കി.മീ, തൃശൂരിൽ 62ൽ 42 കി.മീ, എറണാകുളം 26ൽ 9 കി.മീ, ആലപ്പുഴ 95ൽ 34 കി.മീ, കൊല്ലം 56ൽ 24 കി.മീ, തിരുവനന്തപുരം 30 കിലോമീറ്ററിൽ 5 കി.മീ എന്നിങ്ങനെയാണ് പ്രവൃത്തി പുരോഗതി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com