
ഓപ്പറേഷന്‍ സിന്ദൂർ; കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂരിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങള്‍, കര, നാവിക, വ്യോമസേനാ താവളങ്ങള്‍ എന്നിവിടങ്ങളില്‍ അധികൃതര്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കൂടാതെ ഇടുക്കി ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ക്ക് പതിവ് സുരക്ഷ തുടരുമെന്നാണ് വിവരം.
പ്രധാന റെയ്‌ല്‍വേ സ്റ്റേഷനുകളിലെ സുരക്ഷയും വര്‍ധിപ്പിക്കാനും നിർദേശമുണ്ട്. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അതത് സ്ഥലങ്ങള്‍ വിട്ടുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിന്‍റെ കടലിലും ആകാശത്തും കരയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ദക്ഷിണനാവിക കമാന്‍ഡ് ആസ്ഥാനം ഉള്‍പ്പെടെ പതിനഞ്ചിലേറെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുള്ള കൊച്ചിയിലും പരിസരത്തും ശക്തമായ സുരക്ഷയും ഏര്‍പ്പെടുത്തി. വ്യോമമേഖല മുഴുവന്‍ 24 മണിക്കൂറും അത്യാധുനിക റഡാറുകളുടെ നിരീക്ഷണത്തിലുമാണ്. സൈനികത്താവളങ്ങള്‍ക്കു പുറമേ, വിമാനത്താവളം, തുറമുഖം, എണ്ണശുദ്ധീകരണശാല, എല്‍എന്‍ജി ടെര്‍മിനല്‍, ഷിപ്പ്‌യാർഡ്, കണ്ടെയ്നര്‍ ടെര്‍മിനല്‍ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചു.