

ധുരന്ധർ റീലിലെ പൊലീസുകാരനെ തെരഞ്ഞ് നെറ്റിസൺസ്; വിഷയത്തിൽ നിന്ന് തെന്നിമാറുന്നുവെന്ന് കേരള പൊലീസ്
അടുത്തിടെ ഇൻസ്റ്റഗ്രാമിൽ വൈറലായ ഒരു ട്രെൻഡാണ് 'ധുരന്ദർ'. 'ഇഷ്ക് ജലാക്കർ" എന്ന പാട്ടിനൊപ്പം പാക്കിസ്ഥാനിലേക്ക് ചാരനായി പോവുമ്പോഴുണ്ടാകുന്ന അബന്ധമാണ് ധുരന്ധർ റീലിന്‍റെ പ്രമേയം. ഇപ്പോഴിതാ കേരള പൊലീസും സംഭവം റീലാക്കിയിട്ടുണ്ട്. ലഹരിക്കടത്തുകാരമെ പിടിക്കുന്ന പൊലീസിനെയാണ് റീലിൽ കാണിച്ചിരിക്കുന്നത്.
എന്നാൽ കമന്‍റ് ബോക്സിൽ തെളിഞ്ഞത് ലഹരിയെ സംബന്ധിച്ച ചർച്ചകളല്ല. മറിച്ച് എല്ലാവർക്കും അറിയേണ്ടത് റിലിലെ പൊലീസുകാരനെക്കുറിച്ചാണ്. 'ഇജ്ജാതി ലുക്കുള്ള പൊലീസുകാർ നിങ്ങളുടെ സേനയിലുണ്ടോ?', 'ഈ സാർ ഇൻസ്റ്റയിലുണ്ടോ?',
ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല, സാറേതാ? പേരെന്താ? എന്നിങ്ങനെയുള്ള കമന്‍റുകൾ കൊണ്ട് കമന്‍റ് ബോക്സ് നിറഞ്ഞതോടെ മറുപടിയുമായി കേരള പൊലീസ് എത്തി. "താങ്കൾ വിഷയത്തിൽ നിന്ന് തെന്നിമാറുന്നു" എന്നാണ് പൊലീസിന്‍റെ മറുപടി.