
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വച്ച സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളത്തിനു പ്രശംസ. സുസ്ഥിര വികസന ലക്ഷ്യങ്ങളെ തദ്ദേശവത്കരിച്ച കേരള മാതൃക അനുകരണീയമെന്നു സർവെയിൽ പറയുന്നു. ഗ്രാമ വികസനം അന്താരാഷ്‌ട്ര ലക്ഷ്യങ്ങളോട് പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ഭവനം, ശുചീകരണം, ജലവിതരണം, വൈദ്യുതീകരണം തുടങ്ങി അവശ്യസേവനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്ഡിജി) പ്രാദേശികവത്കരണം സഹായിക്കുന്നു.
ഇക്കാര്യത്തിൽ ശക്തമായ തദ്ദേശ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തുന്ന കരുത്തുറ്റതും സമൂഹാധിഷ്ഠിതവുമായ മാർഗമാണു കേരളത്തിന്‍റേത് സർവെ പറയുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ഇതിനായി സമഗ്ര മാർഗനിർദേശങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. പ്രാദേശിക ആസൂത്രണത്തിൽ എസ്ഡിജികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണിതെന്നും സർവെയിൽ പറയുന്നു.
കൃഷി ആവശ്യത്തിനു ഭൂമി പാട്ടത്തിനു നൽകുന്നതിൽ കേരളം മാതൃകയാണെന്നും സർവെയിൽ പറയുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പുരുഷ-വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കു മൂന്നിലധികം വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്കുന്ന കേരളത്തിന്റെ പദ്ധതിയാണു റിപ്പോർട്ടിൽ ഇടംപിടിച്ചത്. ഭൂമി ഫലഭൂയിഷ്ഠമായി സൂക്ഷിക്കാന്‍ പാട്ടക്കാരനെ പ്രോത്സാഹിപ്പിക്കുന്നതാണു പദ്ധതി. മാലിന്യ സംസ്കരണത്തിന് ഇടുക്കി ജില്ലയിലെ ഇരട്ടയാർ പഞ്ചായത്ത് ആരംഭിച്ച സംരംഭവും സർവെയിൽ പ്രത്യേക പരാമർശം നേടി.