സ്വകാര്യ ബസ് മേഖല തകർച്ചയിലേക്ക്; നിർദേശങ്ങളുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

വരുമാനം ഗണ്യമായി കുറഞ്ഞതിനാൽ ബസ് ഓടിക്കാൻ കഴിയാത്ത സാഹചര്യമാണ്
kerala-private-bus-operators-warn-of-after-free-travel-for-women

സ്വകാര്യ ബസ് മേഖല തകർച്ചയിലേക്ക്; നിർദേശങ്ങളുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

Updated on

കോട്ടയം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കിയതോടെ സ്വകാര്യ ബസ് മേഖല തകർച്ചയിലേക്കെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. വരുമാനം ഗണ്യമായി കുറഞ്ഞതിനാൽ ബസ് ഓടിക്കാൻ കഴിയാത്ത സാഹചര്യമെന്നും, സ്വകാര്യ ബസുകൾ സർക്കാർ വാടകയ്ക്ക് എടുത്തുകൊണ്ട് പ്രതിസന്ധി പരിഹരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പാക്കിയ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി, സംസ്ഥാനത്തെ ഓർഡിനറി ബസുകളിൽ 80% വരുന്ന സ്വകാര്യ ബസുകളിൽ ഭൂരിഭാഗത്തിനും സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് 3000 ത്തിനടുത്ത് കെഎസ്ആർടിസി ബസുകളും 10,000 ൽ കൂടുതൽ സ്വകാര്യ ബസുകളുമാണ് ഓർഡിനറി സർവീസ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരമേറ്റ ശേഷം പല തവണ സ്വകാര്യ ബസുകൾക്കുള്ള ആശങ്ക സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയപ്പോഴും സംസ്ഥാനത്തെ സ്വകാര്യ ബസുകൾ കൂടി നിലനിർത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും അതിനാവശ്യമായ കാര്യങ്ങൾ സർക്കാർ ചെയ്യുമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

ജൂൺ 15 മുതൽ പദ്ധതി നടപ്പാക്കിയെങ്കിലും അതിനുമുമ്പ് ബസുടമകളുടെ സംഘടനകളുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായില്ല. ജൂൺ 19-ാം തീയതി അവതരിപ്പിച്ച ബജറ്റിലായിരുന്നു പ്രതീക്ഷയെങ്കിലും നിർഭാഗ്യകരമെന്നു പറയട്ടെ സ്വകാര്യ ബസുകളുടെ റോഡ് നികുതിയിൽ 50% കുറവ് വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം മാത്രമാണുണ്ടായത്. റോഡ് ടാക്സ് കുറച്ചതുകൊണ്ട് ഒരു ബസിന് ദിവസം 125 മുതൽ 150 രൂപ വരെയുള്ള നേട്ടമാണുണ്ടാവുക. 3000-4000 രൂപ വരെ ദിവസ വരുമാനത്തിൽ കുറവുണ്ടായ ബസുകൾക്ക് റോഡ് ടാക്സ് കുറച്ചതുകൊണ്ട് മാത്രം സർവ്വീസ് തുടരാനാവില്ല.

വിവിധ ജില്ലകളിലും ഒരേ ജില്ലയിലെ തന്നെ വിവിധ റൂട്ടുകളിലും സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ, കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ഒരേപോലെയല്ല ബാധിക്കുന്നതെന്നും തങ്ങൾക്ക് നേരിടേണ്ടി വരുന്നത് ഭീമമായ വരുമാന നഷ്ടമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

50% വരുമാനം നഷ്ട‌പ്പെടുന്ന സ്വകാര്യബസുകൾ മുതൽ വരുമാനം ഒട്ടും നഷ്ടപ്പെടാത്തവർ വരെയുണ്ടാകും. ഇക്കാരണത്താൽ റോഡ് നികുതിയിലോ ഇന്ധനവിലയിലോ പൊതുവായി ഇളവുകൾ അനുവദിച്ചാൽ കൂടുതൽ വരുമാനം നഷ്‌ടപ്പെടുന്നവർക്കു സർവീസ് നടത്താനാവില്ല എന്നുമാത്രമല്ല സാമാന്യ നീതിയ്ക്കു നിരക്കുന്നതുമല്ല. നിലവിൽ 20% മാത്രമുള്ള കെഎസ്ആർടിസി ഓർഡിനറി സർവീസുകളിലൂടെ പരമാവധി 10% ൽ താഴെ സ്‌തീകൾക്കു മാത്രമേ സൗജന്യ യാത്രയുടെ പ്രയോജനം കിട്ടു. കെ.എസ്.ആർ.ടി.സി ബസില്ലാത്ത റൂട്ടുകളിലെ 70% ൽ അധികം വരുന്ന, നിലവിൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് സൗജന്യ യാത്രയുടെ പ്രയോജനം ലഭിക്കില്ല.

ഈ റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസിനു വേണ്ടിയുള്ള ആവശ്യം ഉയരുകയും പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ശക്തമായി ആവശ്യപ്പെടുകയും ചെയ്യുമ്പോൾ സർക്കാർ സമ്മർദത്തിലാകുകയും ഏതുവിധേനയും ബസുകൾ സംഘടിപ്പിച്ച് സർവീസിനയക്കാൻ നിർബന്ധിതരാകുകയും ചെയ്യും.

ഇതുവഴി കെഎസ്ആർടിസിയുടെ നഷ്‌ടം വർദ്ധിക്കുകയും സ്വകാര്യമേഖല പൂർണമായി നശിക്കുകയും ചെയ്യുന്നത് പൊതുഗതാഗത സംവിധാനത്തിന്‍റെ തന്നെ തകർച്ചയിലേയ്ക്ക് നയിക്കുകയും ചെയ്യും. ഈയൊരു സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന് ഗുണകരവും കെഎസ്ആർടിസിയുടെയും സ്വകാര്യബസുകളുടെയും തകർച്ച ഒഴിവാക്കാനുതകുന്നതുമായ നിർദേശങ്ങൾ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സർക്കാരിന് സമർപ്പിച്ചു.

സംസ്ഥാനത്തെ സ്വകാര്യബസുകൾ കിലോമീറ്ററിന് 55 രൂപ വാടക നിശ്ചയിച്ച് വാടക ഉടമയ്ക്കു നൽകി ജീവനക്കാരുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്ത് വരുമാനം മുഴുവനായി സർക്കാർ എടുക്കണം. ഇന്ധനവും ജീവനക്കാരുടെ വേതനവും ഉൾപ്പെടെ മുഴുവൻ ചെലവുകളും ഉടമ വഹിക്കണം. സ്വകാര്യ ബസിന്‍റെ പെർമിറ്റ്, കൈമാറ്റ സ്വാതന്ത്ര്യത്തോടെ ഉടമയിൽ നിലനിർത്തണം. താഴ്ന്ന വരുമാനക്കാരായ സ്ത്രീകൾക്ക് മാത്രമായി സൗജന്യയാത്ര പരിമിതപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തെ എല്ലാ സ്വകാര്യ - കെഎസ്ആർടിസി ബസുകളിലും നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്‍റ് ജാക്സൺ സി. ജോസഫ്, ജനറൽ സെക്രട്ടറി കെ.എസ്. സുരേഷ്, ട്രഷറർ വിനോജ് കെ. ജോർജ്, വൈസ് പ്രസിഡന്‍റുമാരായ പി.വി. ചാക്കോ പുല്ലത്തിൽ, കെ.എസ്. ജയകൃഷ്ണൻ നായർ, ജോ. സെക്രട്ടറിമാരായ ലിബു കെ. ലൂക്കോസ്, പ്രസാദ് ജി. നായർ, പാലാ താലൂക്ക് പ്രസിഡന്‍റ് ഡാന്‍റിസ് അലക്സ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com