
പിഎസ്‌സി പരീക്ഷ ഇനി ഏഴു മണിക്ക്
തിരുവനന്തപുരം: പ്രവൃത്തി ദിനങ്ങളില്‍ നടക്കുന്ന പിഎസ് സി പരീക്ഷകളുടെ സമയം ക്രമീകരിക്കുന്നു. സംസ്ഥാനത്തെ സ്‌കൂള്‍ പഠന സമയ മാറ്റത്തിന് അനുസരിച്ചുള്ള പിഎസ്‌സി പരീക്ഷകളുടെ സമയ ക്രമത്തില്‍ വരുത്തുന്ന മാറ്റം സെപ്റ്റംബര്‍ ഒന്നുമുതല്‍ നിലവില്‍ വരും. ഇതുപ്രകാരം രാവിലെ നടത്താറുള്ള പിഎസ്‌സി പരീക്ഷകള്‍ ഇനിമുതല്‍ എഴ് മണിക്ക് ആരംഭിക്കും.
സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരുത്താനാണ് പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്. സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ നിശ്ചയിക്കുന്ന പരീക്ഷകളുടെ സമയമാണ് പിഎസ്‌സി പുനഃക്രമീകരിക്കുന്നത്.
ഒരു മാസം ശരാശരി 10 മുതല്‍ 15 പരീക്ഷകള്‍ വരെയാണ് പിഎസ്‌സി ഇത്തരം ദിവസങ്ങളില്‍ നടത്തിവരുന്നത്. നേരത്തെ 7.15 നായിരുന്നു പരീക്ഷ ആരംഭിച്ചിരുന്നത്. ഈ സമയമാണ് 15 മിനിറ്റ് നേരത്തെയാക്കിയിരിക്കുന്നത്. പ്രധാനമായും സ്‌പെഷ്യല്‍ തസ്തികകളിലേക്കുള്ള പരീക്ഷകളുടെ സമയമാണ് മിക്കപ്പോഴും രാവിലെ ക്രമീകരിക്കാറുള്ളത്.
അതേസമയം പിഎസ്‌സിയുടെ പുതിയ സമയ ക്രമീകരണം ഉദ്യോഗാര്‍ഥികളെ വലയ്ക്കുമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പരീക്ഷകള്‍ക്ക് താലൂക്ക് തലത്തില്‍ പോലും പരീക്ഷാ കേന്ദ്രങ്ങളും ഉണ്ടാകാറില്ലെന്നതിനാല്‍ അതിരാവിലെ ബസ് സര്‍വീസുകള്‍ ഇല്ലാത്തതും ഉദ്യോഗാര്‍ഥികളെ ദുരിതത്തിലാക്കും.
കൃത്യസമയത്തില്‍ നിന്നും ഒരു മിനിറ്റ് വൈകിയാല്‍ പോലും പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന നിലവിലെ സാഹചര്യവും പലപ്പോഴും രാവിലെയുള്ള ടെസ്റ്റുകളില്‍ പങ്കെടുക്കുന്ന ഉദ്യോഗര്‍ഥികളെ വലിയ സമ്മര്‍ദത്തിലാക്കും. ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ ഈ സമയക്രമം പാലിക്കാന്‍ പോലും വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം മറികടക്കാന്‍ ഉദ്യോഗാര്‍ഥികള്‍ തലേ ദിവസം വന്ന് പരീക്ഷാ കേന്ദ്രത്തിന് സമീപം താമസിക്കേണ്ടി വരും. എന്നാല്‍ ചില പരീക്ഷാ കേന്ദ്രങ്ങല്‍ക്കരികില്‍ താമസ സൗകര്യങ്ങലില്ലാത്ത് ഉദ്യോഗാര്‍ഥികളെ വലയ്ക്കും.