
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി) കേരളയുടെ ആഭിമുഖ്യത്തിൽ കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസ് സംഘടിപ്പിക്കും. ഏപ്രിൽ 1 മുതൽ 3 വരെ കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലെജിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഭരണകർത്താക്കൾ, നയരൂപീകരണ വിദഗ്ധർ, അധ്യാപകർ, അധ്യാപക പരിശീലകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, വിദ്യാഭ്യാസ തൽപരർ എന്നിവർക്ക് ഒത്തുചേരാനും സ്കൂൾ വിദ്യാഭ്യാസത്തിലെ നൂതന പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യാനും കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസ് വേദിയാകുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
നവകേരള സൃഷ്ടിക്കായി സ്കൂൾ വിദ്യാഭ്യാസത്തിലെ ഗുണപരമായ ഇടപെടലുകൾ ആണ് ഫോക്കൽ തീം. എഡ്യൂക്കേഷൻ കോൺഗ്രസിലെ പ്ലീനറി സെഷനുകളിൽ ദേശീയ അന്തർദേശീയ വിദ്യാഭ്യാസ വിദഗ്ധരുടെ പ്രഭാഷണങ്ങൾ ഉണ്ടാകും.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളേയും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്കൂൾ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളെയും അനുബന്ധ സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുക, വിദ്യാഭ്യാസത്തിൽ ഗുണപരമായ ഇടപെടലുകൾക്കുള്ള നിർദേശങ്ങൾ അവതരിപ്പിക്കുക, സ്കൂൾ വിദ്യാഭ്യാസ നയരൂപീകരണത്തിനും തീരുമാനങ്ങൾക്കും സഹായകരമാകുന്ന വിവരങ്ങൾ ക്രോഡീകരിക്കുക, കേരളത്തിൽ നടപ്പിലാക്കി വരുന്ന ഗുണപരമായ ഇടപെടലുകളും നടപടികളും വ്യാപിപ്പിക്കുക, നല്ല പഠന-ബോധന മാതൃകകളും നവീകരണ ശ്രമങ്ങളും അവതരിപ്പിക്കാൻ അധ്യാപകർക്കും വിദ്യാർഥികൾക്കും അവസരം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
2.81 കോടി പാഠപുസ്തകങ്ങൾ അച്ചടിക്കും, യൂണിഫോം വിതരണം 25ന്
2023 - 24 അധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് ഒന്നാം വാല്യം ആകെ 2.81 കോടി പാഠപുസ്തകങ്ങളുടെ അച്ചടി ഉത്തരവ് നൽകിയതായി മന്ത്രി വി. ശിവന്കുട്ടി അറിയിച്ചു. അച്ചടി പുരോഗമിക്കുകയാണ്.
9,10 ക്ലാസുകളിലെ 40 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി ജില്ലാ ഹബുകളിൽ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴി പാഠപുസ്തകങ്ങൾ വിതരണം ചെയ്യും. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25ന് വൈകിട്ടു 3ന് ആലപ്പുഴയിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.
സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25ന് രാവിലെ 10ന് എറണാകുളത്ത് നടക്കും. 130 കോടി രൂപയാണു യൂണിഫോം വിതരണത്തിനു ചെലവു പ്രതീക്ഷിക്കുന്നത്. 10 ലക്ഷത്തിൽപ്പരം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.