
കൊച്ചി: പാഠപുസ്തകങ്ങൾ അച്ചടിക്കാൻ ചുമതലപ്പെട്ട സർക്കാർ സ്ഥാപനമായ കാക്കനാട്ടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ (കെബിപിഎസ്) (kerala books and publications kakkanad) 2016 മുതൽ 2023 വരെ കാലയളവിൽ അച്ചടിയ്ക്കുള്ള കടലാസ് വാങ്ങിയതിൽ 200 കോടി രൂപയുടെ അഴിമതി നടന്നതായി ബിജെപി. ഈ കാലയളവിൽ ജിഎസ്എം ഗ്രേഡിലുള്ള കടലാസ് വാങ്ങിയതുമായി ബന്ധപ്പെട്ടു കെബിപിഎസിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകൾ പുറത്തു വിട്ടുകൊണ്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനാണ് വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
ബിജെപി (BJP) പ്രവർത്തകനായ ചങ്ങനാശേരി സ്വദേശി രതീഷാണ് ആർറ്റിഐ ആക്റ്റ് പ്രകാരം രേഖകൾ ശേഖരിച്ചത്. ക്വട്ടേഷൻ തുകയേക്കാൾ ഉയർന്ന വില നൽകിയും ടെണ്ടർ വിളിക്കാതെയും കടലാസ് വാങ്ങിയതായി തെളിയിക്കുന്നതാണ് രേഖകൾ. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടും സമ്മതത്തോടുമാണ് അഴിമതിയും ക്രമക്കേടും നടന്നിരിക്കുന്നതെന്നും കേരളത്തിലെ 35 ലക്ഷം വിദ്യാർഥികൾക്ക് ആറ് കോടി പാഠപുസ്തകം അച്ചടിക്കുന്നതിന്റെ മറവിൽ നടന്ന അഴിമതി വെളിച്ചത്തു കൊണ്ടുവരാൻ വിജിലൻസ് ഒഴികെ ഏത് ഏജൻസിയേയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2016-17ൽ കടലാസ് നൽകാനുള്ള ടെണ്ടറിൽ എട്ടു കമ്പനികൾ പങ്കെടുത്തു. ഇവയിൽ ആദിത്യ, ഡെൽറ്റ, സ്ത്രീശക്തി എന്നീ മൂന്നു പേപ്പർമില്ലുകളിൽ നിന്നാണു കടലാസ് വാങ്ങിയത്. സ്ത്രീശക്തി കിലോയ്ക്കു 49 രൂപയുടെ ക്വട്ടേഷൻ നൽകിയപ്പോൾ മറ്റു രണ്ടു കമ്പനികളും വില ക്വാട്ട് ചെയ്തില്ല. ആദിത്യ, ഡെൽറ്റ മില്ലുകളിൽ നിന്നു 52-53 രൂപയ്ക്ക് (കിലോ) കെബിപിഎസ് കടലാസ് വാങ്ങിയതായി രേഖകളിൽ നിന്നു വ്യക്തമാണ്. സ്ത്രീശക്തിയുടെ 49 രൂപയേക്കാൾ മൂന്നു മുതൽ നാലു രൂപ വരെ ഈ കമ്പനികൾക്ക് അധികം നൽകിയപ്പോൾ കിക്ക് ബാക്കിനത്തിൽ മറിഞ്ഞതു കോടികൾ.
ക്വട്ടേഷൻ കിട്ടുന്ന സ്ഥാപനങ്ങൾ കടലാസ് കാക്കനാട്ടെ കെബിപിഎസ് ആസ്ഥാനത്ത് വാഹനത്തിൽ സൗജന്യമായി എത്തിച്ചു നൽകണമെന്നാണ് കരാർ വ്യവസ്ഥ. എന്നാൽ 2016 മുതൽ 2023 വരെ കാലയളവിൽ ലോറി വാടകയിനത്തിൽ മാറിയെടുത്തിരിക്കുന്നതു 10 കോടി രൂപയാണ്. ഈയിനത്തിലും വലിയ വെട്ടിപ്പു നടന്നതായിട്ടാണ് ആരോപണം.
പാഠപുസ്തക അച്ചടിക്കല്ലാതെ, വാണിജ്യ ആവശ്യങ്ങൾക്കും കെബിപിഎസ് കടലാസ് വാങ്ങാറുണ്ട്. 2016-17 കാലഘട്ടത്തിൽ ഇങ്ങനെ വാങ്ങിയ 10 കോടിയുടെ കടലാസ് പാഠപുസ്തക അച്ചടിക്കെന്ന പേരിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതും കമ്മിഷൻ തട്ടാനാണെന്നു സംശയിക്കുന്നു.
2017-18ൽ 1500 ടൺ അച്ചടി കടലാസ് ബാക്കിയിരിക്കെ, അതു കണക്കിലെടുക്കാതെ സർക്കാരിനോട് വീണ്ടും 75 കോടി രൂപ കൂടി കെബിപിഎസ് ആവശ്യപ്പെട്ടു. ക്വാട്ടേഷൻ എടുത്ത ആദിത്യ അശ്വിൻ എന്ന കമ്പനിയ്ക്ക് അവർ ക്വാട്ട് ചെയ്ത 59.73 രൂപയേക്കാൾ അധികം നൽകിയാണ് കടലാസ് വാങ്ങിയിരിക്കുന്നത്. ഇതിലും അഴിമതി മണക്കുന്നതായി ബിജെപി പറയുന്നു.
2019-20 ൽ കടലാസ് നൽകാനുള്ള ടെണ്ടറിൽ ആരും പങ്കെടുത്തില്ലെന്നു സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു ടെണ്ടർ ഇല്ലാതെ തന്നെ കടലാസ് വാങ്ങാൻ അനുമതി നേടി. ഈ കാലയളവിൽ 86.63 കോടി രൂപയുടെ കടലാസാണ് വാങ്ങിയത് (11,000 ടൺ). കിലോയ്ക്ക് 76.30 രൂപയാണു കെബിപിഎസ് നൽകിയത്. യഥാർഥ വില 54 രൂപയായിരിക്കെയാണ് 22 രൂപ അധികം നൽകിയത്.
2020-21 ൽ 86.2 കോടി രൂപയുടെ കടലാസ് വാങ്ങിയതായി സർക്കാരിന് സമർപ്പിച്ച ഇൻവോയ്സിൽ കാണിച്ചിരിക്കുന്നു. കൊവിഡ് കാലമായതിനാൽ യഥാർഥത്തിൽ 33 കോടി രൂപയുടെ കടലാസ് മാത്രമാണ് വാങ്ങിയത്. കിലോയ്ക്കു 55 രൂപയ്ക്കു കടലാസ് ലഭ്യമാണെന്നിരിക്കെ, 78.50 രൂപയ്ക്കു 9000 ടൺ വാങ്ങിയതായിട്ടാണ് രേഖകൾ.