അവധിക്കാലം കഴിഞ്ഞു, ഇനി റെഡിയാവാം സ്കൂളിലേക്ക്

3 ലക്ഷത്തിലധികം കുരുന്നുകളാണ് വ്യാഴാഴ്ച ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിനായുള്ള ഒരുക്കങ്ങളോക്കെ പൂർത്തിയായി കഴിഞ്ഞു
അവധിക്കാലം കഴിഞ്ഞു, ഇനി റെഡിയാവാം സ്കൂളിലേക്ക്

2 മാസം നീണ്ട അവധിക്കാലം, പരീക്ഷ കഴിഞ്ഞ് പുസ്തകങ്ങൾ മടക്കി വച്ച് ഇറങ്ങിയതാണ്. മണ്ണിലും വെയിലത്തും കളിച്ച് നടന്ന വേനൽക്കാലം. അങ്ങനെ ആ വേനലവധിയും കഴിഞ്ഞു. ഇനി പുതിയ പുസ്തകവും ബാഗുകളുമൊക്കെയായി റെഡിയാവാം , സ്കൂളിലേക്ക് പോവാൻ.

2 മാസം എത്ര വേഗമാണ് പോയത്, ഇത്രയും പെട്ടെന്ന് സ്കൂൾ തുറക്കണ്ടായിരുന്നു എന്ന് പരിഭവം പറയുന്നവർ, മറിച്ച് ആദ്യമായി സ്കൂളിലെത്തുന്ന ത്രില്ലിലിരിക്കുന്നവർ, പുതിയ ബാഗും കുടയുമൊക്കെ കൂട്ടുകാരെ കാണിക്കാൻ ധൃതി കൂട്ടുന്നവർ, ഇങ്ങനെയിങ്ങനെ ഓരോ വീട്ടിൽ നിന്നും കേൾക്കുന്നത് ഓരോരോ വിശേഷങ്ങളാണ്. അങ്ങനെ ഒരവധിക്കാലത്തിന് കൂടി വിട നൽകി നാളെ പുതിയ അധ്യയന വർഷം തുടങ്ങുകയാണ്.

3 ലക്ഷത്തിലധികം കുരുന്നുകളാണ് നാളെ ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. കുരുന്നുകൾക്കായുള്ള പ്രവേശനോത്സവത്തിനായുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായി കഴിഞ്ഞു. ബലൂണുകളും തോരണങ്ങളുമൊക്കെ തയാറാക്കി അധ്യാപകരും റെഡിയായി. സ്കൂളുകളിലൊക്കെ നാളെ ഒരു പുത്തൻ മ‌ണമാവും. പുതിയ ബാഗിന്‍റേയും കുടയുടേയും വർണാഭമായ പുത്തൻ ഉടുപ്പിന്‍റേയുമൊക്കെ മണം. വിവിധ നിറത്തിലുള്ള കുടകളും ടോം ആന്‍റ് ജെറിയുടേയും ബെൻ ടെനിന്‍റേയുമൊക്കെ പടങ്ങളുള്ള ബാഗുകളുമൊക്കെയായി നിറ ചിരികളുമായെത്തുന്ന കുരുന്നുകളെ നാളെ ഓരോ സ്കൂളും വരവേൽക്കും.

അവധിക്കാല വിശേഷങ്ങളും കുസൃതിക്കഥകളുമൊക്കെ പറയാൻ ഒത്തിരിയുണ്ടാവും ഓരോ കുട്ടികൾക്കും. 2 മാസത്തിനു ശേഷം കാണുന്ന കൂട്ടുകാരും ക്ലാസിലേക്ക് പുതിയതായി എത്തുന്ന കുരുന്നുകളുമൊക്കെ കൂടി ആരെ ബഹളമാവും. എന്തായാലും സ്ക്കൂൾ തുറപ്പ് ഒരു ആഘോഷമാണ്. നാളെ വളർന്ന് വലുതാവുമ്പോൾ ഓർക്കാനും ചിരിക്കാനും അക്കാലങ്ങൾ കഴിയണ്ടായിരുന്നു എന്നോർത്ത് വിഷമിക്കാനുമൊക്കെയുള്ള ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com