കൊടും ചൂടിൽ വെന്തുരുകി കേരളം; താപനില ഇനിയും കടുക്കുമെന്ന് റിപ്പോർട്ടുകൾ
തിരുവനന്തപുരം: കൊടും വേനൽ എത്തുന്നതിനു മുന്നേ കേരളം കനത്ത ചൂടിൽ വെന്തുരുകുകയാണ്. സംസ്ഥാനത്ത് പകൽ സമയത്ത് 38 ഡിഗ്രി സെൽഷ്യസിന് അടുത്താണ് താപനിലയെന്നാണ് കണക്കുകൾ. ഇത്തവണ കഴിഞ്ഞ വർഷങ്ങളിൽ അനുഭവപ്പെട്ടതിനെക്കാൾ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
പാലക്കാട് ജില്ലയിലെ എരിമയൂരിൽ ബുധനാഴ്ച്ച 41 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടാണിത്. രാത്രിയിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാത്രിയും പകലും കലാവസ്ഥയിലുണ്ടാവുന്ന മാറ്റം വടക്കു കിഴക്ക് ഭാഗത്തു നിന്നുള്ള ആന്‍റ് സൈക്ലോണിക് സർക്കുലേഷന്‍റെ ഫലമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയാവും സംസ്ഥാനത്ത് കടുത്ത വേനൽ അനുഭവപ്പെടുക. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ കേരളത്തിൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. എന്നാലും കൊടും ചൂടിന് മാറ്റമുണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

