കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

പതിവുപോലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്
Kerala sees 22 presantage rainfall deficit after 3 months of monsoon

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

Updated on

തിരുവനന്തപുരം: എൽനിനോ പ്രതിഭാസം നിലനിൽക്കുന്ന ഈ വർഷത്തെ കാലവർഷ സീസണിന്‍റെ ആദ്യ മൂന്ന് മാസം പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ലഭിച്ചത് 22 ശതമാനം മഴക്കുറവ്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ 1746.8 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1367.1 മില്ലീമീറ്റർ മഴയാണ് ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ, മുൻ എൽനിനോ വർഷമായിരുന്ന 2023-ലെ 48 ശതമാനം മഴക്കുറവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ സ്ഥിതി മെച്ചപ്പെട്ടതാണെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ മഴയിൽ വലിയ കുറവുണ്ടായെങ്കിലും ഓഗസ്റ്റിൽ ലഭിച്ച ശക്തമായ മഴയാണ് സംസ്ഥാനത്തിന് വലിയ ആശ്വാസമായത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം 7 ജില്ലകളിൽ സ്വാഭാവികമായ അളവിൽ മഴ ലഭിച്ചിട്ടുണ്ട്.

പതിവുപോലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. എങ്കിലും സാധാരണ ലഭിക്കേണ്ട അളവിനേക്കാൾ കാസർഗോഡ് 12 ശതമാനവും കണ്ണൂരിൽ 7 ശതമാനവും കുറവ് രേഖപ്പെടുത്തി. അളവിന്‍റെ കാര്യത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. എങ്കിലും തിരുവനന്തപുരം ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ ഒരു ശതമാനം മാത്രം കുറവാണ് ഉള്ളത് എന്നതിനാൽ ഇത് സാധാരണ മഴയുടെ പരിധിയിലാണ് വരുന്നത്.

അതേസമയം, ശതമാനക്കണക്കിൽ ഏറ്റവും വലിയ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട്, ഇടുക്കി ജില്ലകളിലാണ്. കോഴിക്കോട്, മാഹി, കോട്ടയം, എറണാകുളം, പത്തനംതിട്ട എന്നീ പ്രദേശങ്ങളിലാണ് സാധാരണ തോതിൽ മഴ ലഭിച്ച മറ്റു ജില്ലകൾ. തൃശൂർ, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലും മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com