
സിപിഐയുടെ എതിർപ്പ് തള്ളി പിഎം ശ്രീയിൽ ഒപ്പുവച്ച് കേരളം
തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് കേന്ദ്ര സർക്കാരിന്റെ "പിഎം ശ്രീ' (പ്രൈം മിനിസ്റ്റേഴ്സ് സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയിൽ ഒപ്പുവച്ച് കേരളം. ഈ സർക്കാരിന്റെ അവസാന കാലത്തെ സുപ്രധാന തീരുമാനമായാണ് ഇതിനെ വിലയിരുന്നത്. ഇതോടെ എൽഡിഎഫിൽ സിപിഎമ്മിന്‍റെ വല്യേട്ടൻ മനോഭാവം മറനീക്കിയെന്നാണു വിലയിരുത്തൽ.
വ്യാഴാഴ്ച രാവിലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യുട്ടീവിലും ഈ പദ്ധതിക്കെതിരേ കടുത്ത വിമർശനാണ് ഉയർന്നത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാർ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനോടൊന്നും സിപിഎമ്മോ മുഖ്യമന്ത്രിയോ പ്രതികരിക്കുന്നില്ല.
അതിനിടെയാണ് ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി സംസ്ഥാന സർക്കാരിനു വേണ്ടി പദ്ധതിയിൽ ഒപ്പുവച്ചത്. അതോടെ വിദ്യാഭ്യാസ മേഖലയിൽ തടഞ്ഞു വച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരളവും മാറിയതോടെ 1,500 കോടി രൂപ ഉടൻ ലഭിക്കും. പദ്ധതിയുടെ ഭാഗമാകുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിനും പിന്തുടരേണ്ടി വരും. ഒന്നും പറയാനില്ലെന്നാണ് സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന വലിയ ഫണ്ട് വെറുതെ പാഴാക്കി കളയണോ എന്ന നിലപാടാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടേത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദത്തോടെയാണ് മന്ത്രി ഈ കാര്യം തുറന്നുപറഞ്ഞത് എന്നാണു സൂചന. പദ്ധതി നടപ്പാക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും നിയമപരമായി തടസങ്ങൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ പദ്ധതികൾ അവതാളത്തിലാകുമെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.
ആർഎസ്എസ് അജൻഡയായ ഈ പദ്ധതിയോടുള്ള വിയോജിപ്പ് തുടരുമെന്ന സിപിഐ നിലപാട് തള്ളിയാണ് സർക്കാർ അതിന്റെ ഭാഗമായത്. സിപിഐ നിലപാട് സിപിഎമ്മിനെ അറിയിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ആശയവിനിമയം നടത്തിയെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയതിനു പിന്നാലെയാണ് സിപിഐ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചത്. പദ്ധതിയിൽ ഒപ്പു വയ്ക്കുന്നതിനെതിരെ ആർജെഡിയും രംഗത്തെത്തിയിരുന്നു.
കേന്ദ്രത്തിൽ നിന്ന് 1,186 കോടിയിലേറെ കിട്ടാനുണ്ടെന്ന് ശിവൻകുട്ടി ചൂണ്ടിക്കാണിക്കുന്നു. ഇതിൽ 800 കോടിയോളം മുൻ വർഷങ്ങളിലെ കുടിശികയാണ്. 2024-25ൽ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി 3,757.89 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചത്. സംസ്ഥാനത്ത് 336 സ്കൂളുകൾക്കാണ് പിഎം ശ്രീ വഴിയുള്ള കേന്ദ്ര ഫണ്ട് ലഭിക്കുക. പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സന്നദ്ധമാണെന്നു കേരളം 2024ൽ തന്നെ കേരളത്തെ അറിയിച്ചതിന്റെ രേഖകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു