എസ്എസ്എല്‍സിക്ക് മിനിമം മാര്‍ക്ക് വരുന്നു

99.69 ശതമാനം വിജയമാണ് 23-24 അധ്യായന വർഷത്തിൽ രേഖപ്പെടുത്തിയത്
V Sivankutty
V Sivankuttyfile image

#സ്വന്തം ലേഖകന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഹയർ സെക്കന്‍ഡറി മാതൃകയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന. അടുത്ത എസ്എസ്എൽസി പരീക്ഷ നിലവിലെ ഹയര്‍ സെക്കൻഡറി പരീക്ഷ പോലെ പരിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. 2025 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി എഴുത്തു പരീക്ഷയില്‍ ഹയർ സെക്കൻഡറിയിലേതു പോലെ മിനിമം മാർക്ക് ഏര്‍പ്പെടുത്തുന്ന കാര്യം എല്ലാവരുമായി ആലാചിച്ച് തീരുമാനമെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

നിരന്തര മൂല്യനിര്‍ണയത്തിനൊപ്പം എഴുത്തു പരീക്ഷയില്‍ നാമമാത്രമായ മാര്‍ക്ക് മാത്രം നേടിയാല്‍ വിദ്യാര്‍ഥികള്‍ വിജയിക്കുന്ന സ്ഥിതിയാണു നിലവിലുള്ളത്. ഇത് വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കുറയ്ക്കുന്നതായി വ്യാപകമായ ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മൂല്യനിര്‍ണയത്തില്‍ സമഗ്ര മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മന്ത്രി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരുമായും ആലോചിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഇതോടെ എഴുത്തു പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാതെ വിജയിക്കാനവില്ല. 40 മാര്‍ക്കിന്‍റെ പരീക്ഷയില്‍ മിനിമം 12 മാര്‍ക്കും 80 മാര്‍ക്കിന്‍റെ പരീക്ഷയില്‍ 24 മാര്‍ക്കുമാണ് നേടേണ്ടത്.

എട്ടാം ക്ലാസില്‍ എല്ലാവരെയും വിജയിപ്പിക്കുന്ന രീതിക്കും മാറ്റം വരുത്തും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. എട്ടാം ക്ലാസ് വരെ എല്ലാവരെയും വിജയിപ്പിക്കുന്ന രീതി പുനഃപരിശോധിക്കുമെന്നും മന്ത്രി.

എല്ലാവരുമായും കൂടിയാലോചിച്ചു മാത്രമേ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തൂ. സബ്ജക്റ്റ് മിനിമം ഏര്‍പ്പെടുത്തിയാല്‍ വിദ്യാഭ്യാസ ഗുണനിലവാരം കുറച്ചൂകൂടി മെച്ചപ്പെടുമെന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ മാത്രമാണു വ്യത്യസ്ത അഭിപ്രായങ്ങളുള്ളത്. സമഗ്ര ചര്‍ച്ചകള്‍ നടത്തുന്നതിനായി വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഇതില്‍ വരുന്ന നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ചാകും തീരുമാനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com